പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ്; കോര്‍പ്പറേഷന്റെ പണം തിരികെ ലഭിക്കാന്‍ വൈകും

കോഴിക്കോട്. പിഎന്‍ബിയിലെ കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്നും കോടികളുടെ തിരിമറി നടത്തിയ കേസില്‍ പണം തിരികെ ലഭിക്കാന്‍ വൈകും. ഡല്‍ഹിയില്‍ തിങ്കളാഴ്ച ചേരാനിരുന്ന പിഎന്‍ബി ബോര്‍ഡ് യോഗം 14ലേക്ക് മാറ്റിയതാണ് കാരണം. ബുധനാഴ്ച യോഗം ചേരുമെന്നും വിഷയം യോഗത്തില്‍ അജന്‍ഡയായി വന്നിട്ടുണ്ടെന്നുമാണ് ബാങ്ക് കോര്‍പ്പറേഷനെ അറിയിച്ചത്. ബുധനാഴ്ചയ്ക്കു മുമ്പ് തന്നെ പണം തിരികെ നല്‍കുവാനുള്ള അനുമതിക്കായി ശ്രമിക്കുന്നുണ്ടെന്നും ബാങ്ക് കോര്‍പറേഷനെ അറിയിച്ചു.

കോര്‍പറേഷന് നല്‍കുവാനുള്ള 10.07 കോടി പലിശയുള്‍പ്പെടെ തിരികെ നല്‍കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നത്. അതേസമയം പ്രതിയെ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. എംപി റിജിലിനായി അന്വേഷണം തുടരുകയാണെന്നാണ് വിവരം. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് മുമ്പ് റിജില്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചു. അതേസമയം കേരളത്തിന് വെളിയിലേക്ക് പ്രതി പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

രാജ്യം വിട്ട് പോകാതിരിക്കുവാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് ആര്‍ബിഐയ്ക്കും പ്രധാനമന്ത്രിക്കും കോര്‍പ്പറേഷന്‍ പരാതി നല്‍കി. എന്നാല്‍ നിയമ നടപടിയിലേക്ക് കടക്കുന്നതിന് മുമ്പ് പണം വാങ്ങിയെടുക്കുന്നതിനാണ് കോര്‍പ്പറേഷന്‍ മുന്‍ഗണന നല്‍കുന്നത്.