സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ; ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുന്നു

ആലപ്പുഴ. ലഹരിക്കടത്തുകേസ് ആലപ്പുഴ സിപിഎമ്മിനെ ഉലയ്ക്കുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ലഹരിക്കെതിരെ ആത്മാർഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്‌കാരം വളരുന്നുവെന്നും സുധാകരൻ ആരോപിച്ചു.

ആരോഗ്യവകുപ്പിനെതിരേയും സുധാകരൻ വിമർശനമുന്നയിച്ചു. ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പകരം ആളെ വയ്ക്കാതെ ഡോക്ടർമാരെ സ്ഥലംമാറ്റുന്നു. സ്ഥലം മാറ്റവും പകരം ആളെ വയ്ക്കലും ഒറ്റ ഓർഡറിൽത്തന്നെ നടക്കണമെന്നും അതാണ് ശാസ്ത്രീയമെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം എവിടെയുമെത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.

ലഹരിക്കെതിരെ പ്രസംഗിക്കുകയും അവർ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് സുധാകരൻ നേരത്തെയും വിമർശനമുന്നയിച്ചിരുന്നു. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ തന്നെ കുടുക്കാൻ ജി സുധാകരനും പിപി ചിത്തരഞ്ജനും അടക്കമുള്ളവർ ശ്രമിക്കുന്നതായി ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസ് നേരത്തെ ആരോപിച്ചിരുന്നു.