ഏറ്റവുമധികം ആത്മബന്ധം തോന്നിയിട്ടുള്ള അമ്മമാരില്‍ ഒരാള്‍, സേതു അമ്മ യാത്രയായി, നൊമ്പര കുറിപ്പുമായി ജി വേണുഗോപാല്‍

പുലയനാര്‍ക്കോട്ട കെയര്‍ ഹോമില്‍ വെച്ച് പരിചയപ്പെടുകയും പിന്നീട് വലിയ സ്‌നേഹ സാന്നിധ്യമായി മാറിയ സേതു അമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാളത്തിന്റെ പ്രിയ ഗായകന്‍ ജി വേണുഗോപാല്‍. അദ്ദേഹം സേതു അമ്മയെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ജി വേണുഗോപാല്‍ പറഞ്ഞവാക്കുകള്‍ ഇങ്ങനെ, വദനകളില്ലാത്ത ലോകത്തേക്ക് സേതു അമ്മയും യാത്രയായി. പുലയനാര്‍ക്കോട്ട കെയര്‍ ഹോമില്‍ ഏറ്റവുമധികം ആത്മബന്ധം തോന്നിയിട്ടുള്ള അമ്മമാരില്‍ ഒരാളാണ് സേതു അമ്മ.കൊച്ചുകുഞ്ഞുങ്ങളുടേതു പോലെ നിഷ്‌കളങ്കമായ ചിരിയാണ് അമ്മയുടെ മുഖമുദ്ര. ഓരോ തവണ എന്നെ കാണുമ്പോഴും ആ മുഖത്ത് വിരിയുന്ന അളവില്ലാത്ത സന്തോഷം ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.. അടുത്ത് ചെന്നിരിക്കുമ്പോള്‍ എന്റെ കൈ പിടിച്ച് മടിയില്‍ വച്ച് വേണുമോനേ എന്ന് വിളിച്ച്, ഒരു കൊച്ചുകുഞ്ഞിനെ പോലെ നിര്‍ത്താതെ വിശേഷങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യുന്ന സേതു അമ്മയാണ് എന്റെ മനസ്സില്‍ എപ്പോഴും.. പാട്ടെന്നു വച്ചാല്‍ ജീവനാണ് അമ്മക്ക്..ആസ്വദിക്കുന്നതിനോടൊപ്പം തന്നെ പാടാനും ഒത്തിരിയിഷ്ടം..ഞങ്ങള്‍ ഒത്തുകൂടുന്ന നിമിഷങ്ങളിലൊക്കെ അമ്മ ഞങ്ങളോടൊപ്പം പാടാറുണ്ട് ..

ഒരിക്കല്‍ സേതു അമ്മയുടെ ഒരു സാധാരണ മുത്തുമാല ഗിരീഷിന്റെ കയ്യില്‍ കൊടുത്തിട്ടു ഒരു ആഗ്രഹം പറഞ്ഞു. ആ മാല ഒന്ന് വെള്ളികെട്ടിച്ചു അമ്മക്ക് അത് അണിയണം .പുറത്തു നിന്നും വരുന്ന അതിഥികളോട് അങ്ങനെ വ്യക്തിപരമായി ആഗ്രഹങ്ങളോ ആവശ്യങ്ങളോ ഉന്നയിക്കാന്‍ കെയര്‍ ഹോം നിബന്ധനകള്‍ അനുവദിക്കുന്നില്ലെങ്കില്‍ പോലും സൂപ്രണ്ടിന്റെ പ്രേത്യേക അനുമതി വാങ്ങി ഗിരീഷ് അമ്മയുടെ ആ ആഗ്രഹം സാധിച്ചു കൊടുത്തു..ഞങ്ങളെയെല്ലാം സ്വന്തം മക്കളെ പോലെ കാണാനും ആ സ്വാതന്ത്ര്യം ഞങ്ങളോട് കാണിക്കാനും ഉള്ള മനസ്സ് കെയര്‍ഹോമിലെ അച്ഛനമ്മമാര്‍ക്കുണ്ട്. 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണ എന്റെ ജന്മദിനത്തിന് ഞങ്ങള്‍ കെയര്‍ഹോമില്‍ ഒത്തുകൂടിയപ്പോള്‍ സേതു അമ്മ ഹാളില്‍ ഇല്ലായിരുന്നു..ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം റൂമില്‍ വിശ്രമത്തിലായിരുന്നു.. കേക്കിന്റെ ഒരു വീതം ഞങ്ങള്‍ സേതു അമ്മയുടെ മുറിയിലെത്തിക്കുകയായിരുന്നു.

ഓരോ തവണയും ഞ ഇ ഇ കുട്ടികളുടെ വാര്‍ഡില്‍ നിന്നിറങ്ങുമ്പോഴും, എന്റെ രാത്രി സ്വപ്നങ്ങളില്‍ പോലും കൊച്ചു കുട്ടികളുടെ മുടിയില്ലാത്ത തലകളും, വേദനയ്ക്കിടയില്‍ വിരിയുന്ന പുഞ്ചിരിയുമൊക്കെയായിരുന്നു. കുടുംബവും മക്കളുമൊക്കെയുള്ളപ്പോള്‍ത്തന്നെ അനാഥരാക്കപ്പെട്ട അമ്മമാരെ ചേര്‍ത്തണയ്ക്കുമ്പോള്‍ അവരുടെ ഉള്ളില്‍ അണ പൊട്ടുന്ന വിതുമ്പല്‍, ഞങ്ങളിലേക്കും പടരാതിരിക്കാന്‍ എത്ര ശ്രദ്ധിച്ചാലും ചിലപ്പോള്‍ സാധിക്കാറില്ല. ഏറ്റവും കൂടുതല്‍ രോഗബാധിതയായ കുഞ്ഞിനും, ഒരു കടലോളം സങ്കടവും പുഞ്ചിരിയും ഞങ്ങള്‍ക്കായി വിളമ്പുന്ന അമ്മമാര്‍ക്കും, എന്നും ഹൃദയങ്ങളുടെ ഉള്ളറകളിലാണ് സ്ഥാനം. സേതു അമ്മയ്ക്കായി തൂവിയ വേണുമോന്റെ രണ്ട് തുള്ളി കണ്ണീര്‍ ആ മനസ്സിലെ അനാഥത്വം കഴുകിക്കളയുമാറാകട്ടെ!