ഭാര്യയ്ക്കു പ്രസവ വേദന, ഭർത്താവിനു ഗാനമേള, അച്ഛനായ ദിവസത്തെക്കുറിച്ച് ജി വേണു​ഗോപാൽ

സംഗീത പ്രേമികളുടെ മനസ്സിൽ തന്റെ മധുരഗാനങ്ങളാൽ മായാത്ത മുദ്ര പതിപ്പിച്ച പിന്നണി ഗായകനാണ് ‘മലയാളത്തിന്റെ മാണിക്യക്കുയിൽ’ എന്ന വിശേഷിക്കപ്പെടുന്ന ജി വേണുഗോപാൽ. മനോഹരമായ ശബ്ദവും വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള കഴിവും വഴി ചുരുക്കം ഗാനങ്ങൾ കൊണ്ടുതന്നെ മികച്ച ഗായകൻ എന്ന പേരും ഒരുപാട് ആരാധകരെയും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോളിതാ മകൻ അരവിന്ദ് ജനിച്ച ദിവസത്തിന്റെ അതിമനോഹര ഓർമകൾ പങ്കുവച്ചിരിക്കുകയാണ് ​ഗായകൻ. 31 വർഷങ്ങൾക്കു മുൻപ് ഗായിക സുജാത മോഹനൊപ്പം എറണാകുളത്ത് ഗാനമേളയിൽ പാടിക്കൊണ്ടിരിക്കവെയാണ് താൻ അച്ഛനായതെന്നും ഭാര്യയുടെ പ്രസവസമയത്ത് തനിക്ക് ആശുപത്രിയിൽ സന്നിഹിതനാകാൻ കഴിഞ്ഞില്ലെന്നും വേണുഗോപാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അന്നത്തെ ഗാനമേളയുടെ ഓർമചിത്രവും ഗായകൻ പങ്കുവച്ചിട്ടുണ്ട്. വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ:

ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ട്. സുജുവും ഞാനും എറണാകുളം ഫൈൻ ആർട്സ് ഹാൾ ഇൽ ഒരു റോട്ടറി ഫണ്ട് റെയ്സിങ് പരിപാടിക്ക് പാടുന്നു. സെപ്റ്റമ്പർ 28, 1991. രശ്മി പാലക്കാട് ആശുപത്രിയിൽ അഡ്‌മിറ്റെഡ് ആയിരിക്കുന്നു. ഏതു നിമിഷവും പ്രസവിക്കാം എന്ന അവസ്ഥയിൽ. ഞാൻ കൊച്ചിക്കു വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളയ്ക്കു പങ്കെടുക്കുന്നു. ഭാര്യക്ക് പ്രസവ വേദന, ഭർത്താവിന് ഗാനമേള. ഏതാണ്ട് വൈകുന്നേരം ഒരു എട്ടരമണിക്കു അടുത്ത ബന്ധുവിന്റെ വീട്ടിൽ ഫോൺ വരുന്നു, ആൺകുട്ടി ജനിച്ചിരിക്കുന്നു എന്ന്.( മൊബൈലുകൾക്കു മുൻപ്). ഉടൻ സ്റ്റേജിൽ അനൗൺസ്‌മെന്റും. ചറപറാ റിക്വസ്റ്ററ്റുകൾ വരുന്നു, “രാരീരാരീരം” എന്ന ഗാനം പാടുവാൻ.

അങ്ങനെ ഒരു താരാട്ടു പാടി പരിപാടി അവസാനിപ്പിക്കുന്നു. തൊട്ടടുത്ത ദിവസം, സെപ്റ്റംബർ 29/ 1991 ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയും ഗാനമേളയും.(താനേ പൂവിട്ട മോഹം, 1990), അങ്ങനെ മകൻ ജനിച്ച് കൃത്യം രണ്ട് ദിവസം കഴിഞ്ഞ്, ഞാൻ പാലക്കാട് ആശുപത്രിയിലെത്തുമ്പോൾ, രശ്മിയുടെ മുഖത്ത് നിരാശയും അമർഷവും കലർന്നൊരു നോട്ടം! നിന്നെപ്പിന്നെക്കണ്ടോളാം എന്ന് മനസ്സിൽ വിചാരിച്ച്, ഞാൻ കഴുത്ത് വരെ മൂടിപ്പുതച്ച് കിടത്തിയിരിക്കുന്ന പുതിയ അതിഥിയെ നോക്കി. നല്ല നീളവും നിറവും, പാൽമണവുമുള്ള എൻ്റെ മകനെ അമ്മ ഒരു കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് എൻ്റെ മടിയിൽ വയ്ച്ച് തരുന്നു. സത്യം പറഞ്ഞാൽ അപ്പോൾ മനസ്സിൽ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ല. ഒരു കാര്യം തീർച്ച. പൂർണ്ണത നിറഞ്ഞ ഒരു പാട്ടിനോ, ഏതൊരവാർഡിനോ അതിന് പകരമാകാനാകില്ല. VG.