ദേശീയ പാതയുടെ ശോച്യാവസ്ഥയ്ക്ക് മാപ്പ് ചോദിച്ച് ഗഡ്കരി; കയ്യടിച്ച് സദസ്

ഭോപ്പാല്‍. ദേശീയ പാതയുടെ നിര്‍മാണത്തിലെ പാകപ്പിഴകള്‍ക്ക് പരസ്യമായി മാപ്പു ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിര്‍മ്മാണത്തിലെ അപാകതകളില്‍ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം റോഡ് നിര്‍മ്മാണത്തിന് പുതിയ പദ്ധതി തയ്യാറാക്കി. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുവാന്‍ തനിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണ്ഡ- ജബല്‍പുര്‍ ദേശീയ പാതയില്‍ 400 കോടി രൂപ മുതല്‍ മുടക്കിയ ബറേല മുതല്‍ മാണ്ഡ്‌ല വരെയുള്ള ഭാഗത്ത് നിര്‍മ്മാണത്തില്‍ താന്‍ തൃപ്തനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിതിന്‍ ഗഡ്കരിയുടെ വാക്കുകളെ കയ്യടികളോടെയാണ് സദസിലുണ്ടായിരുന്നവര്‍ സ്വീകരിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനെ സാക്ഷിയാക്കിയായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍.

സംഭവിച്ച പിഴവുകള്‍ മൂലം നിങ്ങള്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് അറിയാം. ഇവിടെ വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പൂര്‍ത്തിയാക്കുവാനുള്ള പ്രവര്‍ത്തികളെക്കുറിച്ച് ചര്‍ച്ച നടത്തി. പരസ്പര സമ്മതത്തോടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചു. നല്ല പാത നിര്‍മ്മിക്കുന്നതിനായി പുതിയ പദ്ധതി തയ്യാറാക്കും. ഇതുവരെ നിങ്ങളെ ബുദ്ധിമുട്ടുകള്‍ക്കും ക്ഷമ ചോദിക്കുന്നു നിതിന്‍ ഗഡ്കരി പറഞ്ഞു.