ഗഗൻയാൻ യാത്രികർ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ എത്തി, പ്രധാനമന്ത്രി നരേന്ദ്രമോദി ഉടനെത്തും

തിരുവനന്തപുരം. ഗഗന്‍യാന്റെ തയ്യാറെടുപ്പുകള്‍ വിശകലനം ചെയ്യുവാനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുവാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ട വക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ എത്തും. ചടങ്ങില്‍ ഗഗന്‍യാന്‍ പദ്ധതിയില്‍ പങ്കെടുക്കുന്ന യാത്രക്കാരുടെ പേരുകള്‍ അദ്ദേഹം പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി നാല് യാത്രികരും വിഎസ്എസ്സിയില്‍ എത്തി.

ഗഗന്‍യാനില്‍ യാത്രികരിലൊരാളായി മലയാളിയുമുണ്ടെന്നാണ് വിവരം. ബഹിരാകാശ യാത്രികര്‍ക്കായുള്ള പരിശീലനം നേടിയ നാലുപേരില്‍ ഒരാള്‍ സുഖോയ് 30 പൈലറ്റായ പ്രശാന്ത് നായരാണെന്നാണ് അനൗദ്യോഗിക വിവരം. ഇദ്ദേഹമായിരിക്കും സംഘത്തിന്റെ കമാന്‍ഡറെന്നുമാണ് ലഭിക്കുന്ന വിവരം.

യാത്രയ്ക്കായി ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും നാല് പേരെ മൂന്ന് വര്‍ഷം മുമ്പ് തിരഞ്ഞെടുത്തെങ്കിലും ഇസ്രോ പേരുകള്‍ പുറത്തുവിട്ടില്ല. 2025 അവസാനത്തോടെയാണ് മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യം.