അന്നും ഇന്നും ആസിഫ് അലി തന്നെയാണ് തന്റെ പ്രിയതാരം, അദ്ദേഹത്തോടാണ് പ്രണയം, ഗായത്രി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി അശോക്. ലഡ്ഡു എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മെമ്പര്‍ രമേശന്‍ ആയിരുന്നു താരത്തിന്റെ രണ്ടാം ചിത്രം. സ്റ്റാറിലും ഗായത്രി അഭിനയിച്ചിരുന്നു. നടന്‍ ആസിഫ് അലിയുടെ കടുത്ത ആരാധകയായിരുന്നു താന്‍ എന്ന് പറയുകയാണ് ഗായത്രി. എംജി ശ്രീകുമാര്‍ അവതാരകനായി എത്തിയ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഗായത്രി മനസ് തുറന്നത്.

വെളുത്ത ബെന്‍സ് കാറില്‍ ആസിഫ് അലിക്കൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചാല്‍ അത് പൊളിയായിരിക്കും. ആസിഫ് അലിയുടെ ആരാധികയാണെന്ന് അദ്ദേഹത്തിനറിയില്ല. അന്നും ഇന്നും ആസിഫ് അലി തന്നെയാണ് തന്റെ പ്രിയതാരം, അദ്ദേഹത്തോടാണ് പ്രണയം ‘ ലഡ്ഡുവിന്റെ ഷൂട്ടിങ്ങ് സമയത്ത് ആസിഫ് അലിയോടുള്ള എന്റെ ഇഷ്ടത്തെക്കുറിച്ച് വാര്‍ത്തയൊക്കെ വന്നിരുന്നു. പക്ഷെ, ആസിഫ് അലി മാത്രം അറിഞ്ഞില്ല.’

‘ആസിഫ് അലിയായിരുന്നു എന്റെ ആദ്യത്തെ ക്രഷ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആസിഫ് അലിയെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്.’ ആ അനുഭവത്തെക്കുറിച്ച് ഗായത്രി പറയുന്നത് ഇങ്ങനെ,’ ഒമ്ബതിലോ പത്തിലോ പഠിക്കുന്ന സമയത്ത് എന്റെ വീടിനടുത്ത് ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ വഴക്കിട്ട് ഷൂട്ടിങ്ങ് കാണാന്‍ പോയി. ആസിഫ് അലിയെ അടുത്തുനിന്ന് കണ്ടു. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഞാന്‍ ഫോട്ടോയും എടുത്തു. ആ ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്. അന്ന് പക്ഷേ, ഒന്നും സംസാരിക്കുവാന്‍ സാധിച്ചിരുന്നില്ല.

അമ്മയും അച്ഛനും സഹോദരനും തന്റെ സിനിമാ ജീവിതത്തിന് പിന്തുണ നല്‍കുന്നുണ്ടെന്ന് ഗായത്രി പറയുന്നു. അച്ഛന്‍ പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും കലയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. അമ്മയാണ് ഷൂട്ടിങ്ങ് സെറ്റുകളില്‍ തനിക്കൊപ്പം വരാറുള്ളത്. അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള അനുഭവം ഒരിക്കല്‍ ഗായത്രി ഒരു യൂട്യൂബ് ചാനലിനോട് പങ്കുവെച്ചിരുന്നു. ‘അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയില്‍ നിന്നും ക്ഷണം ലഭിച്ചു. അന്ന് സ്റ്റാര്‍ സിനിമ റിലീസ് ചെയ്തിട്ടില്ല. ഞാനും അമ്മയും ചിത്രങ്ങള്‍ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവരുടെ കൈയില്‍ എങ്ങനെയോ എന്റെ വിവരങ്ങള്‍ ലഭിച്ചിട്ടാണ് വിളിച്ചത്. അമ്മ അന്ന് കുടുംബവിളക്കില്‍ അഭിനയിക്കുന്നുണ്ട്. തെലുങ്ക് സിനിമയില്‍ നിന്നും അവസരം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. ഒത്തിരി സന്തോഷമായി. അങ്ങനെ അവര്‍ ടിക്കറ്റൊക്കെ അയച്ച് തന്നു. ഞങ്ങള്‍ ഷൂട്ടിങ് സ്ഥലത്തെത്തി.’

അവിടെ ഒരു ഓഡിഷനുണ്ടായിരുന്നു. അത് ചെയ്തു. പിന്നീട് സംവിധായകനോട് ഇതിനുശേഷം കഥയെന്താണ് എന്നുചോദിച്ചപ്പോള്‍ ഒരു ലിപ് ലോക്ക് സീനാണെന്ന് പറഞ്ഞു. ശേഷം അവര്‍ ലിപ് ലോക്ക് ചെയ്യാന്‍ സമ്മതമല്ലേയെന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാനും പറഞ്ഞു. ശേഷം ഒരു സാധാരണ സീന്‍ ചെയ്തു. അപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു. ഇനിയും ഒരു ലിപ് ലോക്കുണ്ടെന്ന്. കേട്ടപ്പോള്‍ സുഖമില്ലായ്മ തോന്നിയതുകൊണ്ട് വിശദമായി ചോദിച്ചു. അപ്പോഴാണ് അറിയുന്നത് ഞാനുള്ള സീനിലെല്ലാം ലിപ് ലോക്ക് ഉണ്ടെന്ന്. അതോടെ എനിക്കും അമ്മയ്ക്കും പേടിയായി. എന്ത് തരം സിനിമയാണെന്ന് പോലും സംശയിച്ചു. അതോടെ ആ സിനിമ വേണ്ടെന്ന് വെച്ച് ഞങ്ങള്‍ തിരികെവന്നു. അതൊരു അനുഭവമായിരുന്നു.’-ഗായത്രി പറഞ്ഞു.