“പഴയ ഇടങ്ങൾ മാത്രം പോരല്ലോ, എല്ലാ “ഇടത്തും” പുതിയയിടങ്ങൾ കൂടി വരട്ടെ…”, തിരുമേനിയുടെ കുറിപ്പ്

സ്‌കൂൾ കലോത്സവത്തിന്റെ പാചകത്തിൽ നിന്ന് പിന്മാറുന്നതായി കഴഞ്ഞ ദിവസമാണ് പഴയിടം മോഹനൻ നമ്പൂതിരി പ്രഖ്യാപിച്ചത്. ഭയമുണ്ടെന്നും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം അത്തരത്തിലുള്ളതാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ എത്തിയിരിക്കുകയാണ് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപകനും തിരുവല്ല മാർത്തോമാ എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പാളുമായിരുന്ന ഗീവർഗീസ് കൂറിലോസ്.

“പഴയ ഇടങ്ങൾ മാത്രം പോരല്ലോ, എല്ലാ “ഇടത്തും” പുതിയയിടങ്ങൾ കൂടി വരട്ടെ…”- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മോഹനൻ നമ്പൂതിരിയെ അനുകൂലിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഇതിൽ ചിലർക്കൊക്കെ തിരുമേനി മറുപടി കൊടുക്കുകയും ചെയ്തു. പഴയിടത്തെ അനുകൂലിച്ചും ഭക്ഷണത്തിൽ വർഗീയതയും ജാതിയും കലർത്തുന്നതായുള്ള ഒരു കമന്റിന് താഴെ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്
‘നമ്പൂതിരി അച്ചാറും ബ്രാമിൻസ് പുട്ടുപൊടിയും ഉള്ളടുത്ത് ആരാണ് ഭക്ഷണത്തിൽ ജാതി കലർത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം’. സ്കൂള്‍ കലോത്സവത്തിൽ നോൺ വെജ് വിളമ്പാത്തതിനെ ചിലർ വിമർശിച്ചതോടെയാണ് സംഭവം വിവാദമായത്.

തിരുമേനിയുടെ പോസ്റ്റിന് താഴെ സ്മിതാ തോമസ് എഴുതിയ കമെന്റ് ഇങ്ങനെയാണ് ഭക്ഷണം അല്ലേ, അതിലൊന്നും ജാതിയും മതവും വർഗ്ഗവും വർണ്ണവും ഒന്നും വേണ്ടാ തിരുമേനി… വിശപ്പല്ലേ, അതിനു .. അന്നത്തിനു അതുണ്ടാക്കുന്നവന്റെ മനസ്സ് മാത്രം മതി… പഴയിടം നല്ല രീതിയിൽ ഭക്ഷണം ഉണ്ടക്കുന്ന ഒരു മനുഷ്യൻ ആണ്… അയാൾക്കെതിരെ ജാതി ചിന്ത കുത്തിക്കയറ്റി കുത്തിത്തിരുപ്പ് ഉണ്ടാക്കിയത് തന്നെയാണ്…. അയാളുടെ സാമ്പാർ റെസിപ്പി കണ്ടു സാമ്പാർ ഉണ്ടാക്കുന്ന എനിക്ക് തോന്നിയിട്ടില്ല മതം കൊണ്ടാണ് അയാൾ ഭക്ഷണം ഉണ്ടാക്കുന്നത് എന്ന്….മനുഷ്യൻ അങ്ങേയറ്റം അധ:പതിച്ചു പോയ ഈ കാലത്തു അങ്ങയെ പോലുള്ളവരുടെ വാക്കുകൾക്ക് ഒക്കെ ഒരുപാട് പ്രസക്തി ഉണ്ട്‌…. അതിൽ പിഴവ് ഉണ്ടാകാതെ നോക്കേണ്ടതും കാലത്തിന്റെ ആവശ്യം ആണ്…

ഈ പോസ്റ്റിന് താഴെയായിരുന്നു തിരുമേനി നമ്പൂതിരി അച്ചാറിനെയും ബ്രാമിൻസ് പുട്ടുപൊടിയെയും പരാമർശിച്ച് മറുപടി നൽകിയത്.