മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കുള്ള യാത്ര അവസാനിച്ചത് വന്‍ ദുരന്തത്തില്‍, ജീവന്‍ നഷ്ടമായത് മകള്‍ക്ക്

പാലക്കാട്: മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പോക്കായിരുന്നു അത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ പുതുശ്ശേരി ഭഗവതി നഗര്‍ കല്ലിങ്കല്‍ വീട്ടില്‍ പ്രശാന്ത്-സജിത ദമ്പതികളുടെ മനസില്‍ ഒരേ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നൊള്ളൂ, തങ്ങളുടെ ആറ് വയസുകാരി മകള്‍ സാധികയെ എങ്ങനെയും ജീവിതത്തില്‍ മടക്കി കൊണ്ടുവരിക. എന്നാല്‍ ആ യാത്രയില്‍ കുടുംബം സഞ്ചരിച്ചിരുന്ന വാന്‍ മഴയില്‍ നിയന്ത്രണം വിട്ട ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചു കയറി. അപകടത്തില്‍ സാധിക മരിച്ചു. സജിതയ്ക്ക്(33) തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റി. ഇവരെ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രശാന്തിനെ(36) പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 11.45ന് ദേശീയപാത പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം ഉള്ള സര്‍വീസ് റോഡില്‍ ആണ് അപകടം സംഭവിച്ചത്. പനിയും ജലദോഷവുമായിരുന്ന മകളെ പുതുശ്ശേരി പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്തുള്ള ഹോമിയോ ആശുപത്രിയിലേക്കു സജിതയും പ്രശാന്തും ചേര്‍ന്ന് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ആശുപത്രിക്ക് 50 മീറ്റര്‍ അകലെ വച്ചു വാന്‍ നിയന്ത്രണംതെറ്റി കോയമ്പത്തൂര്‍ ഭാഗത്തേക്കു പോകാന്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു. വാനിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും എന്‍എച്ച് അതോറിറ്റി സുരക്ഷാ വിഭാഗവും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ച് മൂവരെയും പുറത്തെടുത്തു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സാധിക മരിച്ചിരുന്നു. പ്രശാന്തിനെയും സജിതയെയും വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഹോളി ട്രിനിറ്റി സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥിനിയാണു സാധിക. പ്രശാന്ത് പുതുശ്ശേരിയില്‍ കല്ലിങ്കല്‍ സ്റ്റോഴ്‌സ് ഉടമയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.