ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകളെ കരാട്ടെ ക്ലാസ്സിൽ കൊണ്ട് പോകുന്നത് സർക്കാർ ബോർഡ് വെച്ച കാറിൽ; സ്വകാര്യ യാത്രകൾക്ക് സർക്കാർ വാഹനം

തിരുവനന്തപുരം: . മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രൈവറ്റ് സെക്രട്ടറി പി.കെ ശബരീഷിന്റെ മകളെ കരാട്ടെ ക്ലാസ്സിന് കൊണ്ടുപോകുന്നതും തിരികെ എത്തിക്കുന്നതും സർക്കാർ ബോർഡ് വെച്ച ഇന്നവോ ക്രിസ്റ്റ. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥലത്തില്ലാത്ത സമയത്ത് ഭാര്യപിതാവാണ് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സഹിതം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പ്രൈവറ്റ് സെക്രട്ടറിയില്ലാത്ത സമയങ്ങളിൽ സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനം എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായി നിരവധി പേർ പറഞ്ഞിരുന്നു. കെഎൽ 01 ഡിസി 3136 വെള്ള ഇന്നോവ ക്രിസ്റ്റയാണ് നഗരത്തിലൂടെ യഥേഷ്ടം ഓടുന്നത്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കഴിഞ്ഞ ദിവസം കോഴിക്കോട് സ്‌കൂൾ കലോത്സവത്തിൽ മുഖ്യ സംഘാടന ചുമതല വഹിക്കുമ്പോഴാണ് വാഹനം തലസ്ഥാന നഗരിയിൽ ഓടുന്നത്. സർക്കാർ വാഹനം ആദ്യം ശാസ്തതമംഗലത്ത് പികെ ശബരീഷ് താമസിക്കുന്ന ഫ്‌ളാറ്റിലേക്കായിരുന്നു.

ശബരീഷിന്റെ ഔദ്യോഗിക യാത്രയ്‌ക്ക് വേണ്ടി മാത്രം ഉപയോഗിക്കാൻ സർക്കാർ കൊടുത്ത വാഹനം കവടിയാറും പിഎംജിയും കഴിഞ്ഞ് മുന്നോട്ട് പോയി ചെന്നെത്തിയത് പൊലീസ് ക്വാട്ടേഴ്‌സിനടുത്താണ്. ശേഷം വാഹനത്തിന്റെ പിറകിൽ നിന്ന് ശബരീഷിന്റെ ഭാര്യാ പിതാവ് പുറത്തിറങ്ങി. മുന്നിലെ സീറ്റിൽ നിന്ന് കരാട്ടെ യൂണിഫോം ധരിച്ച് ശബരീഷിന്റെ മകളുമിറങ്ങി. ഇത്തരം സ്വകാര്യ ആവശ്യങ്ങൾക്ക് സർക്കാർ വാഹനം ഉപയോഗപ്പെടുത്താൻ പാടുള്ളതല്ല എന്നിരിക്കെയാണ് ഈ പരസ്യമായ നിയമലംഘനം.