പീഡനപരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കേസ്; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്, കേസെടുക്കില്ല

പീഡനപരാതി ഒത്തുതീർപ്പാക്കാൻ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്. സംഭവത്തിൽ ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി ‘നല്ല രീതിയിൽ തീർക്കണ’മെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിൽ നല്ല രീതിയിൽ തീർക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അർത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്നും പോലീസിന് ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമർശമോ സംഭാഷണത്തിൽ ഇല്ല എന്നുള്ളതും പ്രസക്തമാണ്.

കേസ് പിൻവലിക്കണമെന്നോ ഭീഷണി സ്വരമോ ഫോൺ സംഭാഷണത്തിൽ ഇല്ലെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശത്തിൽ പറയുന്നത്. കഴിഞ്ഞ മാർച്ചിലാണ് മന്ത്രിയുടെ വിവാദ ഫോൺ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്. എൻസിപി നേതാവിനെതിരായ പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇരയുടെ പിതാവിനെ മന്ത്രി ഫോണിൽ ബന്ധപ്പെടുകയും നല്ല രീതിയിൽ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.