അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്ത് ദിവസത്തിനകം നീക്കണം; തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സര്‍ക്കാര്‍

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍ കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. അനധികൃത പരസ്യബോര്‍ഡുകളും ഹോര്‍ഡിംഗ്‌സുകളും നീക്കം ചെയ്യാന്‍ പലതവണ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പാലിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള അനധികൃത പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗ്‌സുകള്‍, ബാനറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, താത്കാലിക കമാനങ്ങള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യണം. ഇവ നീക്കം ചെയ്യാനാവശ്യമായ സഹായം ദേശീയപാത അതോറിറ്റിക്ക് നല്‍കണം. നീക്കം ചെയ്യാന്‍ അറിയിപ്പ് നല്‍കി മൂന്നു ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെങ്കില്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യാന്‍ നോട്ടിസ് നല്‍കണം. എന്നിട്ടും അനുസരിക്കാത്തവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണം.

ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കും. നിയമപ്രകാരം അനുമതി ആവശ്യമുള്ളവയ്ക്ക് കര്‍ശന ഉപാധികളും ഏര്‍പ്പെടുത്തി. ബോര്‍ഡുകളും ഹോര്‍ഡിംഗ്‌സുകളും സ്ഥാപിക്കുന്നതുകൊണ്ട് അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരവും കരാറുകാരന്‍ നല്‍കണം. ഇതിനായി 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നിര്‍ബന്ധമാക്കി. റോഡ് സേഫ്റ്റി അതോറിറ്റിയുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും സമ്മതപത്രവും നിര്‍ബന്ധമാണ്. മരങ്ങളില്‍ ആണിയടിച്ചുള്ള എല്ലാ പരസ്യങ്ങളും നീക്കം ചെയ്യണം. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിക്ക് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.