മുഖ്യമന്ത്രിയ്‌ക്ക് യാത്ര ചെയ്യാൻ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത് സർക്കാർ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളി, കെ.സുരേന്ദ്രൻ

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയ്ക്ക് മുഖ്യമന്ത്രിയ്‌ക്ക് യാത്ര ചെയ്യാനായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. ട്രഷറിയിൽ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. കഴിഞ്ഞ തവണ 22 കോടിയോളം ഹെലികോപ്റ്റർ യാത്രയ്‌ക്ക് പിണറായി വിജയൻ പൊടിച്ചിരുന്നു. ശ്രീലങ്കയ്‌ക്കും പാകിസ്താനും സമാനമായ രീതിയിലുള്ള സാമ്പത്തിക തകർച്ചയാണ് കേരളം അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് ഇത്തരം ധൂർത്തും ധിക്കാരവുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സംസ്ഥാനം രൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സർക്കാർ ധൂർത്ത് തുടരുന്നതിൽ വലിയ ആക്ഷേപമാണ് ഉയരുന്നത്. 80 ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കുന്നതിന് ധനവകുപ്പ് അനുമതി നൽകിയതോടെ വിമർശനങ്ങൾ കൂടുതൽ ശക്തമാവുകയാണ്.