14 ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു; സർവകലാശാല ബില്ലിൽ ഒപ്പിട്ടില്ല

തിരുവനന്തപുരം. നിയമസഭ പാസാക്കിയ 14 ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. എന്നാല്‍, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിനും ലോകായുക്തയുടെ അധികാരം നിയന്ത്രിക്കുന്നതിനും ഉള്‍പ്പടെയുള്ള ബില്ലുകള്‍ ഒപ്പിട്ടില്ല. സര്‍ക്കാരുമായുള്ള സംഘര്‍ഷത്തില്‍ മഞ്ഞുരുകിയതോടെയാണ് കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.

ഇതോടെ ഡിസംബര്‍ 13 ന് അവസാനിച്ച എഴാംസമ്മേളനത്തില്‍ പാസാക്കിയതില്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കുന്നത് ഒഴികെയുള്ള ബില്ലുകള്‍ക്ക് അംഗീകാരമായി. ആറാം സമ്മേളനത്തില്‍ പാസാക്കിയ സര്‍വകലാശാലാ നിയമഭേദഗതി ബില്‍ ഇപ്പോഴും ഒപ്പിടാതെ ഗവര്‍ണറുടെ പക്കലുണ്ട്.

ആ സമ്മേളനത്തില്‍ പാസാക്കിയ ക്ഷീരോത്പാദകസംഘങ്ങളില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള സഹകരണസംഘം ഭേദഗതി ബില്ലും ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.