കേരള വിസി: സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ അറിയിക്കാൻ ഗവര്‍ണറുടെ അന്ത്യശാസനം

തിരുവനന്തപുരം. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കേരള സര്‍വകലാശാലക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിങ്കളാഴ്ച തന്നെ സര്‍വകലാശാല അറിയിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കി.

സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ അറിയിക്കാൻ ആവശ്യപ്പെട്ടു ഇതു രണ്ടാം തവണയാണ് ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കുന്നത്. കഴിഞ്ഞയാഴ്ച സമാനമായ കത്തു നല്‍കിയപ്പോള്‍, സര്‍വകലാശാല സെനറ്റ് പ്രമേയം പാസ്സാക്കിയതായി വി സി മറുപടി നല്‍ക്കുകയായിരുന്നു. രണ്ടുപേരെ നിയോഗിച്ച് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയല്ലെന്നും, ആ നടപടി പിന്‍വലിക്കണമെന്നും വിസി ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി.

സെര്‍ച്ച് കമ്മിറ്റിയുടെ കാര്യത്തിൽ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും വി സി അറിയിച്ചിരുന്നു. പ്രമേയം പാസ്സാക്കിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും അടിയന്തരമായി വിസിയുടെ കാലാവധി തീരുന്നതിനാല്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് തിങ്കളാഴ്ച തന്നെ സെനറ്റിന്റെ പ്രതിനിധിയെ അറിയിക്കാനാണ് ഇപ്പോൾ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും ഉള്‍പ്പെടുന്ന രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സെനറ്റ് പ്രതിനിധിയെ നിര്‍ദേശിച്ചില്ലെങ്കില്‍ ഈ രണ്ടംഗ കമ്മിറ്റി തുടര്‍നടപടികളുമായി മുന്നോട്ടുപോയേക്കുമെന്നാണ് ഇപ്പോഴുള്ള വിവരം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ കാലാവധി ഒക്ടോബര്‍ 25ന് അവസാനിക്കുകയാണ്. അതിനുമുമ്പ് സെര്‍ച്ച് കമ്മിറ്റി കൂടി പുതിയ വി സിയെ നിയമിക്കാനാണ് നീക്കം നടക്കുന്നത്.