ആശ്രിതര്‍ക്ക് നിയമനത്തില്‍ മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്ന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി പത്തിന് ഉച്ചയ്ക്ക് ഓണ്‍ലൈനായിട്ടാണ് യോഗം.

സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ മാത്രം നിയമനം നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ ജോലി സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കി, ആ പോസ്റ്റ് പി എസ് സിക്ക് വിടാനാണ് ആലോചന.

സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ ഹൈക്കോടതി ഉത്തരവാണെന്നാണ് സൂചന. ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം നല്‍കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കാന്‍ സാദ്ധ്യതയുണ്ട്. അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് എല്ലാ നാലാം ശനിയാഴ്ചയും അവധി നല്‍കുന്നതിനെക്കുറിച്ചും സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.