ജനവാസമേഖലകൾ വനമായി രേഖപ്പെടുത്തിയതിന്റെ കുരുക്കഴിക്കാൻ സർക്കാർ

കോട്ടയം. കരുതൽമേഖലയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിട്ട ഭൂപടങ്ങളിൽ ജനവാസമേഖലകൾ വനമായി രേഖപ്പെടുത്തിയതിന്റെ കുരുക്കഴിക്കാൻ പ്രയാസംവരില്ലെന്ന് സൂചന. വിഷയം പരിഗണിക്കാൻ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് യോഗം നടക്കും. വനമായി കാണിച്ച ജനവാസമേഖല റവന്യൂഭൂമിയോ പട്ടയഭൂമിയോ ആണെന്നും രേഖപ്പെടുത്തലിൽ തെറ്റു പറ്റിയത് എങ്ങനെയെന്നും വൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തിയാൽ മതിയാകും.

വനമായി തെറ്റായി രഖപ്പെടുത്തിയ ഭൂമിയിൽ വനംവകുപ്പ് അവകാശവാദം ഉന്നയിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പട്ടയവിവരങ്ങളും പതിറ്റാണ്ടുകളായി കരം അടയ്ക്കുന്നതും രേഖപ്പെടുത്തും. തെറ്റു തിരുത്താൻ സംസ്ഥാന ബോർഡിന്റെ ശുപാർശ കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിന് നൽകും. സംസ്ഥാനത്ത് ഇത്തരം കേസുകൾ രണ്ടു തരത്തിലുള്ളവയാണ്.

ഭൂപടം നിർമിക്കുമ്പോഴുണ്ടായ പിഴവ് കാരണം ജനവാസമേഖല വനമായി രേഖപ്പെടുത്തിപ്പോയതാണ് ഒന്ന്. എരുമേലി ഏയ്ഞ്ചൽവാലിയിലെ പിഴവ് ഈ വിഭാഗത്തിലാണ്. 2011-12 സമയത്തായിരുന്നു ഭൂപടനിർമാണം. പട്ടയം നൽകിയ പ്രദേശങ്ങളുടെ ഭൂവിവരത്തിൽ മാറ്റം വരുത്താതെ കിടക്കുന്നതാണ് ചിലയിടത്തെ കുഴപ്പം. ആറളം, ചിറ്റാർ, സീതത്തോട് ഭാഗങ്ങളിൽ ഇതാണ് പ്രശ്നം. ഭൂവിവരത്തിൽ മാറ്റം വരുത്താത്തതിനാലാണ് ചിലയിടത്ത് സർവേ നമ്പരുകൾ ഭൂപടത്തിൽ ഇല്ലാതെ വന്നത്.

ഏയ്ഞ്ചൽവാലി പെരിയാർ വന്യജീവിസങ്കേതത്തിന്റെ പരിധിയിൽപ്പെട്ടുപോയത് ഗുരുതരമായ വീഴ്ചയാണ്. പെരിയാർ അടക്കമുള്ള വന്യജീവിസങ്കേതങ്ങളുടെ അന്തിമവിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിൽ നിൽക്കുകയുമാണ്. കരുതൽ മേഖലാവിധി വന്നതിനാലാണ് ഇപ്പോൾ ഭൂപടം പരസ്യപ്പെടുത്തിയതും പിഴവ് വെളിപ്പെട്ടതും.