വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം കാറിൽ നിന്ന് ഇറങ്ങിയോടി നവവരന്‍; മൂന്നാഴ്ച്ചയായി കാണാനില്ലെന്ന് പരാതി

ബെംഗളൂരു: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഗതാഗതക്കുരുക്കില്‍പ്പെട്ട കാറില്‍നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാനില്ലെന്ന് പരാതി. ബെംഗളൂരൂ മഹാദേവപുരയില്‍നിന്ന് കാണാതായ യുവാവിനായി പോലീസ് തിരഞ്ഞെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഫെബ്രുവരി 16-ന് നവവധുവിനോടൊപ്പം ദേവാലയത്തില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ ഇയാള്‍ കാറില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു.

ചിക്കബല്ലപുര്‍ സ്വദേശിയായ യുവാവ് ഫെബ്രുവരി 15നാണ് വിവാഹിതനായത്. കാറിലെ മുന്‍സീറ്റില്‍നിന്ന് ഇറങ്ങിയോടിയെ ഭര്‍ത്താവിന്റെ പിന്നാലെ ഭാര്യയും ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാൾ തിരിച്ചുവരുമെന്ന് ബന്ധുക്കളും വീട്ടുകാരും കരുതിയെങ്കിലും വന്നില്ല. ഇതോടെ മൂന്നാഴ്ച്ചയ്ക്ക് ശേഷം പോലീസിൽ പരാതിപ്പെടുകയായിരുന്നു. മാര്‍ച്ച് അഞ്ചാം തീയതി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം മുന്‍കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭര്‍ത്താവ് ഏറെ സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് 22-കാരിയായ നവവധുവിന്റെ മൊഴി. ഗോവയിലും കര്‍ണാടകയിലുമായി പിതാവിന്റെ ബിസിനസില്‍ സഹായിച്ചുവരികയായിരുന്നു യുവാവ്. ഗോവയില്‍ ബിസിനസ്‌കാര്യങ്ങള്‍ നോക്കിവരുന്നതിനിടെയാണ് കമ്പനിയിലെ ഡ്രൈവറുടെ ഭാര്യയുമായി അടുപ്പത്തിലായി. ഈ ബന്ധം വീട്ടുകാർ എതിർത്തിട്ടും തുടർന്നു. ഒടുവിൽ വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്.

ഇതോടെ രണ്ട് കുട്ടികളുടെ അമ്മകൂടിയായ മുൻകാമുകി യുവാവിനെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങി. സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. വിവാഹചടങ്ങ് കഴിഞ്ഞയുടന്‍ ഇക്കാര്യം ഭര്‍ത്താവ് തന്നോട് വെളിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. മുന്‍കാമുകിയുടെ ഭീഷണിയെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ വിഷമിക്കേണ്ടെന്നും താനും തന്റെ കുടുംബവും കൂടെയുണ്ടാകുമെന്നും ഭര്‍ത്താവിന് ഉറപ്പുനല്‍കിയിരുന്നു.