പരസ്പരാനുമതിയോടെ നടക്കുന്ന വിവാഹങ്ങള്‍ ലവ് ജിഹാദില്‍ പെടുത്താന്‍ കഴിയില്ലെന്ന് കോടതി

പരസ്പരാനുമതിയോടെ നടക്കുന്ന വിവാഹങ്ങള്‍ ലവ് ജിഹാദില്‍ പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഗുജറാത്തില്‍ നിലവില്‍ വന്ന ലവ് ജിഹാദ് നിയമം പൂര്‍ണമായി നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി നിയമത്തിലെ ആറ് നിബന്ധനകള്‍ നടപ്പാകാനാവില്ലെന്ന് ഇടക്കാല ഉത്തരവിലൂടെയാണ് വ്യക്തമാക്കിയത്. മുഹമ്മദ് ഈസ എം ഹക്കീം എന്നയാള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്.

നിര്‍ബന്ധമായോ ചതിയിലൂടെയോ അല്ലാത്ത ഇതരമത വിവാഹങ്ങള്‍ ലവ് ജിഹാദ് ആണെന്ന് പറയാനാവില്ല. പരസ്പരാനുമതിയോടെ നടക്കുന്ന വിവാഹങ്ങള്‍ ലവ് ജിഹാദില്‍ പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ നിയമം ആളുകളുടെ മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഹര്‍ജിയില്‍ മുഹമ്മദ് ഈസ എം ഹക്കീം ആരോപിച്ചിരുന്നു.”നിയമത്തിലെ ആറ് നിബന്ധകള്‍ നടപ്പിലാക്കാനാവില്ല. കാരണം രണ്ട് മതങ്ങളിലുള്ളവര്‍ തമ്മില്‍ നിര്‍ബന്ധിതമല്ലാതെയും സ്വയേഷ്ടപ്രകാരവും വിവാഹം ചെയ്താല്‍ അത് നിര്‍ബന്ധിതമായി മതം മാറ്റി നടന്ന വിവാഹമാണെന്ന് പറയാനാവില്ല.”- ഉത്തരവില്‍ കോടതി വ്യക്തമാക്കി.

ഈ വര്‍ഷം ഏപ്രിലിലാണ് ഗുജറാത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നതിനെതിരെ നിയമം കൊണ്ടുവന്നത്. ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട് 2003 ഭേദഗതിബില്ല് ഗുജറാത്ത് നിയമസഭ പാസാക്കുകയായിരുന്നു. വിവാഹത്തിന്റെ ഭാഗമായി മതപരിവര്‍ത്തനം നടത്തിയാല്‍ ഇനി നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റമായി പരിഗണിക്കും. 3 മുതല്‍ 10 വര്‍ഷം വരെ കഠിന തടവും 5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.

”2003ലെ ഫ്രീഡം ഓഫ് റിലീജ്യസ് ആക്റ്റില്‍ ഭേദഗതി വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങള്‍ നിയമം സഭയ്ക്ക് മുന്നില്‍ വെക്കുന്നു. ഹിന്ദു സ്ത്രീകളെ മതപരിവര്‍ത്തനം നടത്താനായി വിവാഹം കഴിക്കുന്നതില്‍ നിന്ന് നിയമ തടയും.”- ഗുജറാത്ത് ആഭ്യന്തര മത്രി പ്രദീപ്‌സിംഗ് ജഡേജ പറഞ്ഞു. യുപിയിലാണ് ആദ്യമായി ലവ് ജിഹാദ് നിയമം കൊണ്ടുവന്നത്. പിന്നീട് മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും സമാന നിയമം കൊണ്ടുവന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനെന്ന പേരില്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം സുപ്രിം കോടതി പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ സാധുതയാണ് കോടതി പരിശോധിക്കുന്നത്.