താർ അനുഗ്രഹിച്ച് കിട്ടിയതാണ്, സ്വീകരിച്ചിരിക്കുന്നു, ലേലം റദ്ദാക്കിയാല്‍ നിയമ നടപടി- അമല്‍ മുഹമ്മദ്

ഗുരുവായൂരപ്പന്റെ ഥാറിന്റെ ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അമല്‍ മുഹമ്മദ്. ദേവസ്വം പറഞ്ഞ തുകയ്ക്ക് നിയമപരമായാണ് ലേലം ഉറപ്പിച്ചത്. വാഹനം നല്‍കാനാവില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ലെന്നും അമല്‍ പറഞ്ഞു. നിയമ നടപടികളെല്ലാം പാലിച്ചാണ് ലേലത്തില്‍ പങ്കെടുത്തത്. വാഹനം നല്‍കാനാകില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ഇതില്‍ നിന്ന് ദേവസ്വം പിന്നോട്ട് പോകില്ലെന്നാണ് കരുതുന്നത്.

ലേലം നടപടികള്‍ക്ക് ശേഷം ദേവസ്വം അതികൃധര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ ലേലത്തിന്റെ കാര്യത്തില്‍ പുനരാലോചന നടക്കണം എന്ന് അറിയുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. പിന്‍മാറിയതിന്റെ കാര്യം അജ്ഞാതമാണെന്നു അമല്‍ കൂട്ടിച്ചേര്‍ത്തു. ‘നമുക്ക് ഇത് അനുഗ്രഹിച്ച് കിട്ടിയതാണിത്. നമ്മള്‍ ഇത് സ്വീകരിച്ചിരിക്കുന്നു,’ അമല്‍ പറഞ്ഞു. 25 ലക്ഷം വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിട്ടും 15 ലക്ഷത്തിന് മാത്രം ലേലമുറപ്പിച്ചത് ചര്‍ച്ചയാകുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണ്ടി വന്നേക്കുമെന്ന് തോന്നുന്നുവെന്നുമാണ് ഇന്നലെ ദേവസ്വം അതികൃധര്‍ പറഞ്ഞിരുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാർ’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തത്. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു.

അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് ‘ഥാർ’ സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ലഭിച്ചത്. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.