ഹമീദിന് ജയിലില്‍ മട്ടണ്‍ കിട്ടും, എല്ലാ ദിവസവും മീനും ഇറച്ചിയും വേണം; മകനെയും കുടുംബത്തെയും കൊന്നിട്ടും കൂസലില്ല

തൊടുപുഴ: ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹമീദുമായി പോലീസിന്റെ തെളിവെടുപ്പ്. ജനരോഷം ഭയന്ന് ശക്തമായ പോലീസ് കാവലും സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. ചീനിക്കുഴി സ്വദേശി ഹമീദാ(79)ാണ് മകന്‍ അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന വീട്ടിലാണ് വൈകിട്ടോടെ പോലീസ് സംഘം പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്. പ്രതിക്കെതിരേ നാട്ടുകാരില്‍നിന്ന് നേരിയ പ്രതിഷേധവും ഉയര്‍ന്നു. ജനരോഷം ഭയന്ന് ശക്തമായ പോലീസ് കാവലും സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നു. മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക്‌ കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സ്വത്ത് തര്‍ക്കത്തിന് പുറമേ മറ്റുപലകാര്യങ്ങളെച്ചൊല്ലിയും ഹമീദ് വീട്ടില്‍ നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം. ചീനിക്കുഴിയിലെ വീട്ടില്‍ മകന്‍ ഫൈസലിന്റെ കുടുംബത്തിനൊപ്പമാണ് ഹമീദും താമസിച്ചിരുന്നത്. എല്ലാദിവസവും മീനും ഇറച്ചിയും വേണമെന്നായിരുന്നു ഹമീദിന്റെ ആവശ്യം. ഇതേച്ചൊല്ലിയും വീട്ടില്‍ വഴക്ക് പതിവായിരുന്നു. ജയിലിലാണെങ്കില്‍ രണ്ടുദിവസമെങ്കിലും മട്ടണ്‍ കിട്ടുമെന്നും പ്രതി സമീപത്തെ കടകളിലെത്തി പറഞ്ഞിരുന്നു. അതേസമയം, പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം. തനിക്ക് ഇനിയും ജീവിക്കേണ്ടെയെന്നും പ്രതി ചോദിച്ചു.