പലരും അയാളെ ഭയപ്പെടുന്നു, രാഹുലിന്റെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം- ഹരീഷ് പേരടി

അയോ​ഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് നടൻ ഹരീഷ് പേരടി രം​ഗത്ത്. പലരും ഇന്ന് രാഹുൽ ഗാന്ധിയെ ഭയപ്പെടുകയാണെന്നും ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നുവെന്നും ഹരീഷ് പേരടി കുറിച്ചു. അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്‌സഭാ എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കു പിന്നാലെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് …സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനിതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു…അയോഗ്യതകൾ കൽപ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു…അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം..

അതേ സമയം മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. 2019 ലെ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുന്നത്.