എന്തൊക്കെ ചെയ്യണം, ചെയ്യണ്ടാന്ന് ഗോപിയേട്ടന്റെ മോന്‍ സുര പറഞ്ഞ് തന്നിട്ടുണ്ട്, സുരേഷ് ഗോപിയെ ട്രോളി ഹരീഷ് പേരടി

ഒല്ലൂര്‍ പോലീസ് എസ്‌ഐയെ നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിയെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. എന്തൊക്കെ ചെയ്യണം ചെയ്യേണ്ടെന്ന് ഗോപിയേട്ടന്റെ മോന്‍ സുര പറഞ്ഞു തന്നിട്ടുണ്ട്. വെറുതെ ട്രെയിനിംഗിന് ഒക്കെ പോയി സമയം കളഞ്ഞുവെന്ന് ഹരീഷ് പേരടി പറയുന്നു. പോലീസ് യൂണിഫോമിലൂള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് പേരടി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്, വെറുതെ ട്രെയിനിംഗിനൊക്കെ പോയി സമയം കളഞ്ഞു, ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു’ എന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഇന്നലെ സല്യൂട്ട് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ പോലീസ് അസോസിയേഷന് പരാതിയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ വന്ന് രാജ്യസഭ ചെയര്‍മാന് പരാതി നല്‍കാമെന്നും അപ്പോള്‍ കാണാമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. വളരെ സൗമ്യനായിട്ടാണ് താന്‍ എസ്‌ഐയോട് സംസാരിച്ചത്. എംപിക്ക് സല്യൂട്ട് ചെയ്യണമെന്നാണ് പ്രോട്ടോക്കോള്‍.

രാഷ്ട്രീയം നോക്കി സല്യൂട്ട് ചെയ്യരുതെന്നും സല്യൂട്ട് ചെയ്യുക എന്ന സമ്പ്രദായത്തോട് തന്നെ തനിക്ക് താല്‍പര്യം ഇല്ല. എംപിയെയും എംഎല്‍എമാരെയും ഒന്നും പൊലീസ് ഔദ്യോഗികമായി സല്യൂട്ട് ചെയ്യേണ്ടതില്ല എന്ന് ആരാണ് പറഞ്ഞത്. പൊലീസിന് അത്തരം മാനദണ്ഡം നിശ്ചയിക്കാന്‍ ആവില്ലെന്നും ഇന്ത്യയില്‍ ഒരു സംവിധാനം ഉണ്ടെന്നും അത് അനുസരിച്ചേ പറ്റൂ എന്നും സുരേഷ് ഗോപി പറഞ്ഞു.