നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന് ഹര്‍ഷാദിനെ കൊലപ്പെടുത്തിയത് ക്രൂരമായി; ശരീരത്തില്‍ 160ലേറെ മുറിവുകള്‍

പാലക്കാട്. നായയ്ക്ക് തീറ്റകൊടുക്കാന്‍ വൈകിയതിന് ബന്ധു യുവാവിനെ കൊലപ്പെടുത്തിയത് അതി ക്രൂരമായി. മുളയന്‍കാവ് പെരുമ്പ്രത്തൊടി അബ്ദുള്‍ സലാമിന്റെയും ആയിഷയുടെയും മകന്‍ ഹര്‍ഷാദ് (21) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ബന്ധു ഹക്കീമിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഹര്‍ഷാദിന്റെ ശരീരത്തില്‍ 160ലേറെ മുറിവുകള്‍ ഉണ്ടായിരുന്നു. വാരിയെല്ല് തകര്‍ന്നിരുന്നു.

നായയുടെ ബെല്‍റ്റും മരക്കഷണവും ഉപയോഗിച്ചാണ് മര്‍ദനം നടന്നതെന്നാണ് വിവരം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ഹര്‍ഷാദിന്റെ അന്ത്യം. ഇരുവര്‍ക്കും സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബില്‍ ഇടുന്ന ജോലിയായിരുന്നു. മണ്ണേങ്ങോട് അത്താണിയില്‍ വാടക വീട്ടില്‍ ഒന്നിച്ചായിരുന്നു താമസം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഹര്‍ഷാദിന്റെ മരണമെന്ന് പോലീസ് പറയുന്നു.

ഹക്കീം ഒരു നായയെ വളര്‍ത്തുന്നണ്ട്. വ്യാഴാഴ്ച രാത്രി അതിന് തീറ്റ നല്‍കാന്‍ വൈകിയതിന് ഹര്‍ഷാദിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഹര്‍ഷാദിനെ ഹക്കീം വാരിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നത്. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ ഹര്‍ഷാദ് മരിച്ചു.