നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതം; ആട്, പന്നി, വവ്വാല്‍ എന്നിവയുടെ സ്രവം പരിശോധിക്കാനൊരുങ്ങി മൃഗസംക്ഷണ വകുപ്പ്

കോഴിക്കോട്: നിപ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന തുടങ്ങി. വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്ബിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി രണ്ട് മാസം മുമ്ബ് ചത്ത ആടിന്‍റെ രക്തവും സ്രവവും ശേഖരിക്കും.

വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാല്‍ രോ​ഗം സ്ഥിരീകരിച്ച മേഖലയില്‍ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. സ്രവം ഭോപ്പാലിലെ ലാബിലയച്ച്‌ പരിശോധിക്കും.

കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്‍പ് ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗാത്തിന് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്‍റെ സ്രവം പരിശോധനക്കെടുത്തത്. പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്.