മേയർക്കും എംഎൽഎയ്‌ക്കും കനത്ത തിരിച്ചടി; യദുവിന്റെ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് യദുവിന്റെ ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, ആര്യയുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദേശം. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞു വയ്‌ക്കൽ, അസഭ്യം പറയൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു യദു കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി പൊലീസിന് നിർദേശം നൽകി.

മേയർക്കെതിരെ യദു നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് യദു കോടതിയിൽ ഹർജി സമർപ്പിച്ചത്. യദുവിന് പുറമെ ഈ കേസിൽ തന്നെ മേയർക്കെതിരെ അഡ്വ. ബൈജു സമർപ്പിച്ച ഹർജിയിലും കേസെടുത്ത് അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.