കനത്തമഴയില്‍ മുങ്ങി വോട്ടിംഗ്; എറണാകുളത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

എറണാകുളത്ത് അതി ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ വോട്ടെടുപ്പ് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്. ഇക്കാര്യം പരിഗണനയിലാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറയുന്നു. വോട്ടെടുപ്പ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എറണാകുളം കലക്ടറുമായി സാഹചര്യങ്ങള്‍ വിലയിരുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഴമൂലം വോട്ടെടുപ്പ് തടസ്സപ്പെട്ട ബൂത്തുകളില്‍ അധിക സമയം അനുവദിക്കുകയോ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയോ ചെയ്യുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. എംജി റോഡിലും ടിഡി റോഡിലും ദേശീയപാതയിലും വെള്ളം കയറി. പല ബൂത്തുകളിലും വെള്ളം കയറിയ സാചര്യത്തില്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ആറിടങ്ങളിലെ ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. പല ബൂത്തുകളിലും വൈദ്യുതി സംവിധാനം തകരാറിലായിട്ടുണ്ട്. ഇത് ശരിയാക്കുന്ന നടപടികളും പുരോഗമിച്ച് വരികയാണ്. പറവൂരില്‍ കെഎസ്ഇബി കണ്ട്രോള്‍ റൂമില്‍ വെള്ളം കയറി.