സംസ്ഥാനത്ത് ശക്തമായ മഴ തുടരും: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന്
കാലാവാസ്ഥാ മുന്നറിയിപ്പ് മുന്നറിയിപ്പ് നല്‍കി. ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത്മഴക്തമായത്.കോട്ടയം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ്,എറണാകുളം,ഇടുക്കി,മലപ്പുറം,ഇടുക്കി എന്നി ജില്ലകളിലാണ് കാലവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ ഒഡിഷ തീരത്ത് ന്യുന മര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദം കേരളത്തെ ബാധിക്കില്ല. പക്ഷേ കര്‍ണാടക, കേരള തീരത്ത് ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ന്യുന മര്‍ദ്ദമാണ് രൂപപ്പെട്ടത്. ബംഗാള്‍ ഉള്‍കടലില്‍ ഈ സീസണിലെ ആറാമത്തെ ന്യുന മര്‍ദ്ദവമുമാണിത്. മറ്റന്നാള്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിന് നേരത്തെതന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്.

ഡാമുകളുടെ റൂള്‍ curve കള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനും KSEB, ഇറിഗേഷന്‍, KWA വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച്‌ പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാര്‍ഗ്ഗ രേഖ ‘ഓറഞ്ച് ബുക്ക് 2021’ ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാര്‍ഗ്ഗരേഖക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.