കര്‍ണാടകയില്‍ കനത്ത മഴയില്‍ വലിയ നാശനഷ്ടം; നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി

ബെംഗളൂരു. കര്‍ണാടകയില്‍ കനത്ത മഴയില്‍ ബെംഗളൂരു മൈസൂരു എക്‌സ്പ്രസ് ഹൈവേ മുങ്ങി. ബെംഗളൂരുവില്‍ പലസ്ഥലങ്ങളിലും കനത്ത ഗതാഗത തടസ്സമാണ്. മൈസൂരു, മാണ്ഡ്യ, തുംഗൂരു എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ശക്തമായ മഴയില്‍ പലസ്ഥലങ്ങളിലും പുഴകളും തടകങ്ങളും കരകവിഞ്ഞു. ബെംഗളൂരു മൈസൂരു ഗതാഗതം കനകപുര വഴി തിരിച്ചുവിട്ടിരിക്കുകയാണ്.കേരളത്തില്‍ നിന്നുള്ള നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

നിരവധി വാഹനങ്ങള്‍ കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുടുങ്ങിക്കിടന്ന വാഹനങ്ങളില്‍ നിന്ന് വിദഗ്ധമായിട്ടാണ് അളുകളെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ കാറുകളും ബസുകളും ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

അതേസമയം കേരളത്തിലും ശക്തമായ മഴയാണ് ലഭിക്കുന്നത് ഇടുക്കി മുട്ടം കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കുടയത്തൂര്‍ ജംഗ്ഷനില്‍ മാളിയേക്കല്‍ കോളനിക്ക് മുകളില്‍ തിങ്കളാഴ്ച രാവിലെയാണ് ഉരുള്‍ പൊട്ടിയത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, ചെറുമകന്‍ ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഉരുള്‍ പൊട്ടലില്‍ സോമന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തി. തൃശൂരില്‍ നിന്നുള്ള സംഘമാണ് എത്തിയത്. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുവാന്‍ താമസിച്ചു. ജില്ലാ കളക്ടര്‍ഡ സംഭവസ്ഥലം സന്ദര്‍ശിച്ചു. തൊടുപുഴ പുളിയന്മല റോഡില്‍ തിങ്കളാഴ്ച രാത്രി വരെ ഗതാഗതം നിരോധിച്ചു.