അധ്യയനവര്‍ഷം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാതെ ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകര്‍

കൊച്ചി. ക്ലാസ് തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാതെ ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകര്‍. പതിനായിരത്തില്‍ അധികം അധ്യാപകര്‍ക്കാണ് ജോലി ചെയ്തിട്ടും കഴിഞ്ഞ നാല് മാസമായി സാലറി ലഭിക്കാത്തത്. അതേസമയം ശമ്പള വിതരണം തടസ്സപ്പെട്ടതിന് കാരണം ഓണ്‍ലൈന്‍ സേവന സംവിധാനമായ സ്പാര്‍ക്കില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തതാണെന്ന് സര്‍ക്കാര്‍ പറയുന്നു.

ആഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് അധ്യാപകര്‍ക്ക് ജോലി. സീനയര്‍ ഗസ്റ്റ് അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ച ജൂണ്‍ മാസം മുതലും ജൂനിയര്‍ അധ്യാപകര്‍ ജോലിയില്‍ പ്രവേശിച്ച ജൂലൈ മാസം മുതലുള്ള ശമ്പളമാണ് ലഭിക്കാനുള്ളത്. ശമ്പളം കിട്ടാതെ വന്നതോടെ യാത്ര ചിലവിനായിട്ടും ഈ അധ്യാപകര്‍ മറ്റ് ജോലികള്‍ക്ക് പോയാണ് പണം കണ്ടെത്തുന്നത്.

പല അധ്യാപകരും കൂലിപ്പണിക്ക് പോയാണ് വീട്ടിലെ ചിലവിന് പണം കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൃത്യമായ ശമ്പളം ലഭിച്ചിരുന്നു. ഈ വര്‍ഷം ഇത്രയും കാലതാമസം ഉണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു.