ഹൈറിച്ച് ഉടമകൾ രക്ഷപ്പെട്ടത് അറസ്റ്റ് ഭയന്ന്, ഇഡിയുടെ പരിശോധന തുടരുന്നു

കൊച്ചി. ഹൈറിച്ച് തട്ടിപ്പ് കേസില്‍ ഇഡി പരിശോധനയ്ക്ക എത്തും മുമ്പ് ഉടമകള്‍ രക്ഷപ്പെട്ടത് അറസ്റ്റ് ഭയന്നെന്ന് വിവരം. ഇഡിയുടെ പരിശോധന നടക്കുന്നതിന് മുമ്പ് ഹൈറിച്ച് എംഡി പ്രതാപന്‍ ഭാര്യ ശ്രീനയുമാണ് കടന്ന് കളഞ്ഞത്. ഇവര്‍ക്കായി സംസ്ഥാനത്താക പോലീസ് അന്വേഷണം ആരംഭിച്ചു. ഹൈറിച്ചിന്റെ ഓഫീസുകളിലും ഉടമകളുടെ രണ്ട് വീട്ടിലും തൃശൂര്‍ എറണാകുളം ഇടപ്പള്ളിയിലുള്ള രണ്ട് ശാഖകളിലുമാണ് രാത്രി വൈകിയും പരിശോധന നടക്കുന്നത്.

അതേസമയം പ്രതാപനും ശ്രീനയ്ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കലിനൊപ്പം വിദേശനാണ്യ വിനിമയ ചട്ടലംഘനവും ചുമത്തിയേക്കുമെന്നാണ് വിവരം. ഇവര്‍ക്ക് 90 രാജ്യങ്ങളില്‍ ക്രിപ്‌റ്റോ കറന്‍സി ബിസിനസുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇഡിയുടെ പരിശോധനയ്ക്ക് പിന്നാലെ അറസ്റ്റ് നടക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതാപനും ശ്രീനയും ഡ്രൈവറെ കൂട്ടി രക്ഷപ്പെട്ടതെന്നാണ് വിവരം. ഇഡി സംഘം ഓഫീസിലെത്തിയ പിന്നാലെ ഇവര്‍ക്ക് വിവരം ലഭിച്ചു.

വീട്ടിലേക്ക് സംഘം എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു രക്ഷപ്പെടല്‍. ഇവരുടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇഡി നിരവധി ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തു. കൂടുതല്‍ രേഖകള്‍ കണ്ടെത്താനാണ് റെയ്ഡ് തുടരുന്നത്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 1630 കോടിയുടെ തട്ടിപ്പാണെന്നാണ്. സംസ്ഥാന ജിഎസ്ടി വിഭാഗവും ഹൈറിച്ച് ഉടമകള്‍ 126 കോടിയുടെ തട്ടിപ്പ് നടത്തിയതായി വിവരം നല്‍കിയിരുന്നു.