യുവാവിനെ ലോഡ്ജിൽ വിളിച്ചുവരുത്തി കെട്ടിയിട്ട് പണവും സ്വർണ്ണവും കവർന്നു

34കാരനായ യുവാവിനെ പണം ആവശ്യപ്പെട്ട് ലോഡ്ജിൽ വിളിച്ചുവരുത്തിയശേഷം കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങിയ യുവതിയും സംഘവും പിടിയിൽ. കൊല്ലം ഉമയനെല്ലൂർ തഴുത്തല അനക്കുഴി ഭൂതനാഥക്ഷേത്രത്തിന് സമീപം ഷീലാലയം വീട്ടിൽ ഹസീന (28), ഭർത്താവ് ജെ. ജിതിൻ (28), കൊല്ലം കൊറ്റക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ എസ്. അൻഷാദ് (26) എന്നിവരാണ് പിടിയിലായത്. ഒരു പ്രതി അനസ് ഒളിവിലാണ്

തൃപ്പൂണിത്തുറയിൽ ഹോംനഴ്‌സിംഗ് സർവീസ് നടത്തുന്ന വൈക്കം സ്വദേശിയായ 34കാരനാണ് ഹണിട്രാപ്പിന് ഇരയായത്. നഴ്സിംഗ് ജോലി ആവശ്യപ്പെട്ട് ഹസീനയാണ് യുവാവിനെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഫോൺ വിളിയായി. ഇതിനിടെ ഹസീന കുറച്ച് പണം ആവശ്യപ്പെട്ടു

അക്കൗണ്ട് വഴിനൽകാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് പിടിക്കുമെന്നും നേരിട്ട് വേണമെന്നും പറഞ്ഞു. കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപം യുവതി താമസിച്ച ലോഡ്ജിൽ പണം നൽകാനെത്തിയ യുവാവിനെ 205-ാം നമ്പർ മുറിയിൽ ഹസീന സ്വീകരിച്ചു.

ഇതിനിടെയെത്തിയ ജിതിനും അൻഷാദും അനസും ചേർന്ന് കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചു. ഒന്നേകാൽ പവന്റെ മാലയും ഒരു പവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്‌സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കി.

ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽആപ്പ് വഴി ഹസീനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. യുവാവിന്റെ ഫോൺ പെന്റാമേനകയിലെ മൊബൈൽ കടയിൽ വിറ്റ് പ്രതികൾ ജില്ല വിട്ടു. ദേഹമാസകലം പരിക്കേറ്റ യുവാവ് കഴിഞ്ഞ 13ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മരടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹസീനയുടെ സഹോദരനാണ് ഒളിവിൽ കഴിയുന്ന അനസ് എന്നാണ് വിവരം.