ആശുപത്രി നിയമന തട്ടിപ്പ്, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോട്ടയം: സെഷൻ ഓഫീസർ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കോട്ടയം ജില്ലാ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് അരവിന്ദ് ആലപ്പുഴ ചിങ്ങോലി സ്വദേശിനിയിൽ നിന്നും 50,000 രൂപ വാങ്ങിയെടുത്തിരുന്നു. പണം വാങ്ങിയ ശേഷം ആരോഗ്യവകുപ്പിന്റെ വ്യാജ സീലും, ലെറ്റർഹെഡും നിർമ്മിച്ച് ചിങ്ങോലി സ്വദേശിനിക്ക് ഇയാൾ നൽകി. സെഷൻ ഓഫീസരാണെന്ന് വ്യാജേന ഇയാൾ തന്നെ ഒപ്പിട്ട് നൽകിയ നിയമന ഉത്തരവും നൽകിയിരുന്നു.

തട്ടിപ്പ് മനസിലാക്കിയ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ചിങ്ങോലി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇയാൾ മുൻപും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതുൾപ്പടെ പരിശോധിക്കും.