ഒരു പോലീസ് കേസ് പോലുമില്ല, സാമൂഹിക വിരുദ്ധരുടെ പട്ടികയില്‍ വീട്ടമ്മ

വടകര: പോലീസ് കേസുകളില്‍ ഒന്നും ഉള്‍പ്പെടാത്ത പോലീസ് സ്റ്റേഷനില്‍ കയറുക പോലും ചെയ്യാത്ത വീട്ടമ്മയെ സാമൂഹിക വിരുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തുവെന്ന് പരാതി. എടച്ചേരി സ്വദേശിനിയായ ഷിമി കുന്നത്ത് ആണ് എടച്ചേരി പോലീസിന്റെ സാമൂഹിക വിരുദ്ധരുടെ പട്ടികയില്‍ ഇടംപിടിച്ചത്. പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ഫേസ്ബുക്ക് അക്കൗണ്ട്, കുടുംബ വിവരങ്ങള്‍ എന്നിവ പോലീസ് ശേഖരിച്ചു എന്ന് ഷിമി പറഞ്ഞു. ഷിമിയുടെ ഭര്‍ത്താവ് കൊല്ലങ്കണ്ടി രജീഷിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെത്തിയ പോലീസ് തങ്ങളും പക്കലുള്ള പട്ടികയിലെ ചിലരെ അറിയുമോ എന്ന് ചോദിച്ചു. സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനിലും തനിക്കെതിരെ കേസില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. അഞ്ചു വര്‍ഷം മുമ്പാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. ഭര്‍ത്താവും മകനുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ്. എന്നിട്ടും പട്ടികയില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്ന് ഷിമി ചോദിക്കുന്നു. സംഭവത്തില്‍ അമ്പരന്നിരിക്കുകയാണ് ഷിമി.

ലഹരി ഗുണ്ടാ സംഘങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗുണ്ടാ ലിസ്റ്റ് തയാറാക്കി വിവരം ശേഖരിക്കുന്നത്. ഷിമിയുടെ ഭര്‍ത്താവ് രജീഷ് കോഴിക്കോട് പോളിടെക്‌നിക്കിലെ ജീവനക്കാരനാണ്. തനിക്കെതിരെ അഞ്ച് പെറ്റി കേസുകള്‍ ഉണ്ടെന്ന് രജീഷ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ പിഴ ഒടുക്കി കേസില്‍നിന്ന് ഒഴിവായി. നിരപരാധി ആണെന്ന് ഉറപ്പുള്ളതിനാല്‍ പിഴ അടച്ചില്ല. കേസ് കോടതിയിലാണ്. രാഷ്ട്രീയ നിലപാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ഭാര്യയെയും കുടുംബാംഗങ്ങളെയും പൊലീസ് വേട്ടയാടുകയാണ്. ഭാര്യ ഗുണ്ടാ ലിസ്റ്റില്‍ പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കണം.- രജീഷ് പറഞ്ഞു.

അതേസമയം, എടച്ചേരി പൊലീസ് സ്റ്റേഷനില്‍ 15 പേര്‍ സാമൂഹിക വിരുദ്ധരുടെ പട്ടികയില്‍ ഉണ്ടെന്നും ഷിമി പട്ടികയിലില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് വിവരം ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിഐയുടെ വാദം.