ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. അപായ സന്ദേശം ലഭിച്ചയുടൻ INS കൊച്ചിയെ വിന്യസിക്കാൻ ഉത്തരവിട്ടതായി നാവികസേന അറിയിച്ചു. 22 ഇന്ത്യക്കാരടക്കം 30 ജീവനക്കാരാണ് ടാങ്കറിൽ ഉണ്ടായിരുന്നത്.

എല്ലാവരും സുരക്ഷിതരാണെന്ന് സേന ഉറപ്പുവരുത്തി. സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി നാവികസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളും മേഖലയിൽ വിന്യസിച്ചിരുന്നു. ഏപ്രിൽ 26-നായിരുന്നു ആക്രമണം നടന്നത്. ഇതിന് പിന്നാലെ നേവിയുടെ എക്സ്പ്ലോസീവ് ഓർഡൻസ് ഡിസ്പോസൽ (EOD) ടീമിനെ കപ്പലിൽ വിന്യസിച്ചു. നിലവിൽ നിർദിഷ്ട തുറമുഖത്തേക്ക് കപ്പൽ സഞ്ചരിക്കുകയാണ്.

ലക്ഷ്യസ്ഥാനം എത്തുന്നത് വരെ കപ്പലിന് ഇന്ത്യൻ നാവികസേന സുരക്ഷയൊരുക്കും. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ ഭാ​ഗമായി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതാണ് ടാങ്കറിൽ വന്ന് പതിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യെമനിൽ നിന്നും മൂന്ന് ആന്റി-ഷിപ്പ് ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികൾ തൊടുത്തുവിട്ടത്.