ഒരു മൊട്ടു സൂചി പോലുമില്ലാതെ മുഖ്യമന്ത്രിയെ എങ്ങനെ വധിക്കും.?

 

തിരുവനന്തപുരം/ ഒരു മൊട്ടു സൂചി പോലുമില്ലാതെ എങ്ങനെ വധിക്കുമെന്നു മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിഭാഷകൻ കോടതിയിൽ. മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധിക്കുമെന്നും, വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽമേൽ വാദം കേൾക്കുമ്പോൾ കോടതിയിൽ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജൂൺ 27 വരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിക്കുകയായിരുന്നു.. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് സംബന്ധിച്ച കേസ് ജില്ലാ കോടതിയി വിചാരണ നടക്കും. വ്യോമയാന നിയമപ്രകാരമുള്ള കേസായതിനാൽ ആണ് ജില്ലാ കോടതിക്ക് കേസ് കൈമാറിയത്. കേസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ ഉള്‍പ്പെടുന്നതിനാൽ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതികളുടെ ജാമ്യഹര്‍ജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും അതിനാൽ ജില്ലാ കോടതിയായിരിക്കും പരിഗണിക്കുക.

അതേസമയം, വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരായ പരാതികള്‍ എഡിജിപിക്ക് കൈമാറിയിട്ടുണ്ട്. 10 ലേറെ പരാതികളാണ് ജയരാജനെതിരെ ഉള്ളത്. എന്നാല്‍ തങ്ങള്‍ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വലിയതുറ പൊലീസിൽ നിന്നുള്ള മറുപടി. പരാതികളിൽ വലിയതുറ പൊലീസാണ് കേസെടുക്കേണ്ടിയിരിക്കുന്നത്.