വിദ്യാസമ്പന്നരായ മുസ്ലീങ്ങൾ രാജ്യത്തിന്റെ നേട്ടങ്ങളെ കുറിച്ച് ബോധവാന്മാർ, എത്രനാൾ മുസ്ലീങ്ങൾക്ക് ബിജെപിയിൽ നിന്ന് അകന്നുനിൽക്കുമെന്ന് എം അബ്ദുൾ സലാം

മലപ്പുറം : രാജ്യത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിദ്യാസമ്പന്നരായ മുസ്ലീങ്ങൾ ബോധവാന്മാരാണെന്ന് ബിജെപി സ്ഥാനാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ എം അബ്ദുൾ സലാം. ജ്ഞാൻവാപി, സിഎഎ തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള വിഡ്ഢിത്തം മുസ്ലീം യുവജനങ്ങൾ തിരിച്ചറിയുമെന്ന് ഉറപ്പുണ്ട്. രാമക്ഷേത്രത്തിനെതിരെ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്ന് ഐയുഎംഎൽ കേരള പ്രസിഡൻ്റ് സാദിഖ് അലി ശിഹാബ് തങ്ങൾ വരെ പറഞ്ഞിരുന്നു.

ഇത്തരം വിഷയങ്ങൾക്ക് പകരം ഭാവിയെ കുറിച്ച് മുസ്ലീം സമൂഹം ചിന്തിക്കണം. മോദിയെക്കുറിച്ചുള്ള മുസ്ലീങ്ങളുടെ ധാരണ പതുക്കെ മാറുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏതെങ്കിലും മുസ്ലീമിനെ മോദി വേദനിപ്പിച്ചിട്ടുണ്ടോ? അവർ എന്തിന് മോദിയെ ഭയപ്പെടണം? മുത്തലാഖ് നിർത്തലാക്കിയതിന് മോദിയെ പിന്തുണയ്‌ക്കുന്ന നിരവധി മുസ്ലീം അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്.

മോദിയുടെ ഒരു രാഷ്‌ട്രം എന്ന ആശയം മതേതരത്വത്തിന് വളരെ മുകളിലാണ്, അത് എല്ലാ ആളുകളെയും ഉൾക്കൊള്ളുന്നു. എത്രനാൾ മുസ്ലീങ്ങൾക്ക് ബിജെപിയിൽ നിന്ന് അകന്നുനിൽക്കാനാകും? മോദിയും ബി.ജെ.പി സർക്കാരും രാജ്യത്ത് തുടരാൻ പോകുന്നത് അഞ്ച് വർഷം മാത്രമല്ല, വരാനിരിക്കുന്ന ഇനിയുള്ള കാലമെല്ലാമാണ്. മോദിയുടെ വികസനം എല്ലാം ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഹിന്ദുക്കൾക്കിടയിൽ ഹിന്ദുത്വ വികാരം വളരെ കുറവാണ്. അവർ സംസ്ഥാന ജനസംഖ്യയുടെ 55% ആണ്. അവർ ഒരുമിച്ച് നിൽക്കുകയും ഹിന്ദുത്വ വികാരങ്ങൾ ഉയർന്നിരുന്നുവെങ്കിൽ കേരളത്തിലെ സ്ഥിതി വളരെ വ്യത്യസ്തമാകുമായിരുന്നു. തങ്ങൾ പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നതായി പല ഹിന്ദുക്കൾക്കും ഇപ്പോൾ തോന്നുന്നു. ഭാവിയിൽ അവർ ഹിന്ദുത്വ ചിന്തകൾ വളർത്തിയെടുത്താൽ നമുക്ക് അവരിൽ തെറ്റ് കണ്ടെത്താൻ കഴിയില്ല എന്നും അദേഹഹം പറഞ്ഞു.