‘ഏതാനും ദിവസങ്ങൾക്കകം ഒരു ശസ്ത്രക്രിയക്ക് വിധേയമാകണം’, ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിച്ച് ബാല

രണ്ടാം വിവാഹവാർഷിക നാളിൽ വികാരനിർഭരമായ വിഡിയോയുമായി നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം കേക്ക് മുറിക്കുന്ന വിഡിയോയാണ് നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് ബാല സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ എത്തുന്നത്. ഏതാനും ദിവസങ്ങൾക്കകം ഒരു ശസ്ത്രക്രിയക്ക് വിധേയനാകണമെന്നും ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെയാണിപ്പോള്‍ കടന്നു പോകുന്നതെന്നും ബാല പറഞ്ഞിരിക്കുന്നു.

ബാലയുടെ വാക്കുകൾ ഇങ്ങനെ:

‘വിഡിയോയിൽ വന്നിട്ട് ഒരു മാസത്തോളമായി. ഭാര്യയുടെ നിർബന്ധ പ്രകാരം ആണ് ഇന്ന് വന്നത്. നിങ്ങൾ അറിഞ്ഞതുപോലെ ഞാൻ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും പ്രാർഥനയുടെ ഫലമായി വീണ്ടും വിഡിയോയിൽ വരാൻ കഴിഞ്ഞു. രണ്ടുമൂന്നു ദിവസം കഴിഞ്ഞാൽ ഒരു മേജർ ശസ്ത്രക്രിയ ഉണ്ട്. മരിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള സാധ്യതകളുണ്ട്. എന്നാലും നിങ്ങളുടെയെല്ലാം പ്രാർഥനയുള്ളതുകൊണ്ട് രക്ഷപെടാനുള്ള സാധ്യതയാണു കൂടുതൽ ഉള്ളത്. ഇന്ന് ഞങ്ങളുടെ രണ്ടാമത്തെ വിവാഹവാർഷികമാണ്. ഈ വിശേഷദിനം ആഘോഷിക്കണമെന്ന് എലിസബത്തിനു വലിയ ആഗ്രഹമുണ്ടായിരുന്നു. ജനനം ആയാലും മരണമായാലും ദൈവമാണ് തീരുമാനിക്കുന്നത്. ദൈവത്തിന്റെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. ഇത്രയും നാൾ എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസുകൊണ്ടുള്ള നന്ദി അറിയിക്കുന്നു.’

‘ഞങ്ങൾ നൃത്തം ചെയ്താണ് ആദ്യത്തെ വിവാഹവാർഷികം ആഘോഷിച്ചത്. ഇത്തവണ നൃത്തം ചെയ്യാൻ കഴിയില്ല. പക്ഷേ മൂന്നാമത്തെ വിവാഹവാർഷിക ദിനത്തിൽ എന്തായാലും ഞങ്ങൾ വീണ്ടും നൃത്തവുമായി വരും’, എലിസബത്ത് പറഞ്ഞിരിക്കുന്നു. ആശുപത്രിയിൽ വച്ച് കേക്ക് മുറിച്ച ബാല, എലിസബത്തിനും കുടുംബാംഗങ്ങൾക്കും മധുരം നൽകുന്നതു വിഡിയോയിൽ കാണാം. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എലിസബത്ത് ഒരു നടനെ വിവാഹം കഴിക്കരുത്, മറിച്ച് ഒരു ഡോക്ടറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കണം എന്നു പറഞ്ഞാണ് ബാല എലിസബത്തിനു മധുരം നൽകുന്നത്. ബാലയുടെ ആയുരാരോഗ്യത്തിനായി പ്രാർഥിച്ചുകൊണ്ട് ബാലയ്ക്കും എലിസബത്തിനും ആശംസകളുമായി നിരവധിപേരാണ് വീഡിയോക്ക് താഴെ എത്തി വരുന്നത്.