‘സലിം കുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ല’; പ്രതികരണവുമായി സംവിധായകൻ കമൽ

രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്ന് നടൻ സലിം കുമാറിനെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. സലിം കുമാറിനെ ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്രമേള സാധ്യമല്ല. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികളുടെ അന്തിമ പട്ടിക ആയിട്ടില്ലെന്നും കമൽ പറഞ്ഞു.

ഇരുപത്തിയഞ്ച് പുരസ്‌കാര ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സലിംകുമാറിനെ ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് രാഷ്ട്രീയമെന്നായിരുന്നു സലിം കുമാർ പ്രതികരിച്ചത്. കോൺഗ്രസ് അനുഭാവിയായതുകൊണ്ടാണ് ഐഎഫ്എഫ്‌കെയിൽ തിരി തെളിയിക്കാൻ തന്നെ ക്ഷണിക്കാതിരുന്നത്. തിരി തെളിയിക്കാൻ താനാണ് ഏറ്റവും യോഗ്യനെന്നും സലിം കുമാർ പറഞ്ഞിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ഇത്തവണ നാലിടത്താണ് ചലച്ചിത്ര മേള നടത്തുന്നത്. മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാംഘട്ടത്തിന് എറണാകുളത്ത് നാളെ തുടക്കമാകും. പാലക്കാടും തലശേരിയുമാണ് മറ്റ് വേദികൾ.