ഇമ്രാൻ ഖാനെതിരെ അന്വേഷണവുമായി പാകിസ്ഥാൻ അന്വേഷണ ഏജൻസി

ഇസ്ലാമാബാദ്: ഭരണം നഷ്ടമായതിന് പിന്നാലെ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അന്വേഷണവുമായി പാകിസ്ഥാൻ അന്വേഷണ ഏജൻസി. പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച വിലകൂടിയ മാല രാജ്യത്തെ സമ്മാന ശേഖരത്തിൽ നിക്ഷേപിക്കുന്നതിന് പകരം 18 കോടി രൂപയ്ക്ക് ജ്വല്ലറിക്ക് വിറ്റെന്നാണ് ആരോപണം. സംഭവത്തിൽ പാകിസ്ഥാൻ ഉന്നത അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമ്മാനമായി ലഭിച്ച നെക്ലേസ് ഖാൻ തോഷ-ഖാനയിലേക്ക് അയക്കുന്നതിന് പകരം മുൻ സ്‌പെഷ്യൽ അസിസ്റ്റന്റ് സുൾഫിക്കർ ബുഖാരിക്ക് നൽകുകയും, അദ്ദേഹം ലാഹോറിലെ ഒരു ജ്വല്ലറിക്ക് 18 കോടി രൂപയ്ക്ക് ഇതു വിറ്റു എന്നുമാണ് ആരോപണം. എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രമാണ് വാര്‍ റിപ്പോർട്ട് ചെയ്തത്.