തലസ്ഥാനത്ത് വീട്ടമ്മയുടെ മൂന്നുപവന്റെ മാലപൊട്ടിച്ചു, ബൈക്കിലെത്തിയ മോഷ്ടാവിനായി അന്വേഷണം

തിരുവനന്തപുരം: ബോക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മൂന്നു പവന്റെ മാല മോഷ്ടിച്ചു. മംഗലപുരം ഇടവിളാകം പി.എസ്.ഭവനില്‍ സുനിതയുടെ മൂന്നുപവന്റെ മാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

പോത്തന്‍കോട് കടയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് ഉച്ചഭക്ഷണവുമായി പോകുന്നതിനിടെയാണ് വീട്ടമ്മ കവര്‍ച്ചയ്ക്കിരയായത്. ആളൊഴിഞ്ഞ ഇടറോഡിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ മോഷ്ടാവ് സുനിതയുടെ കഴുത്തില്‍ കിടന്നിരുന്ന താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടെ താലിയും കൊളുത്തും നിലത്തുവീണു. ബാക്കിഭാഗം കള്ളന്റെ കൈയിലായി.

സംഭവത്തില്‍ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.