കെ-ഫോൺ പദ്ധതി അവതാളത്തിൽ, പാതിവഴിയിൽ കരാർ കമ്പനികൾ പിൻമാറി

തിരുവനന്തപുരം : കെ ഫോൺ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമായ സൗജന്യ ബിപിഎൽ കണക്‌ഷൻ നൽകുന്നതിൽ സർക്കാരിനു തിരിച്ചടി. 14000 ബിപിഎൽ വീടുകളിൽ കണക്‌ഷൻ എത്തിക്കാൻ രണ്ടുവർഷം മുൻപു കരാറെടുത്ത കമ്പനി പാതിവഴിയിൽ പിൻമാറി. 7000 കണക്‌ഷൻ നൽകിയെന്നും തദ്ദേശ വകുപ്പു വഴി ലഭ്യമാക്കിയ ഗുണഭോക്തൃപട്ടിക കൃത്യമല്ലാത്തതിനാൽ പിൻമാറുകയാണെന്നും കമ്പനി സർക്കാരിനെ അറിയിച്ചു.

പാതിവഴിയിൽ കരാർ കമ്പനികൾ പിൻമാറിയതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. സംസ്ഥാനത്ത് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പിന്നീട് ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് എന്നായി. ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിൽ അത് കൊടുത്ത് തീർക്കാൻ പോലും കഴിഞ്ഞ പത്ത് മാസമായി കെ ഫോണിന് കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തിൽ ഇനിയും 7,000 കണക്ഷൻ ബാക്കി നിൽക്കേയാണ് കമ്പനിയുടെ പിൻമാറ്റം.

ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ കിട്ടിയെന്ന് അവകാശപ്പെട്ട കെ ഫോൺ ഇത് വരെ അധികം നൽകിയത് വെറും 3,199 കണക്ഷൻ മാത്രമാണ്. 30,438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും 21,072 ഓഫീസുകളിൽ മാത്രമാണ് കെ-ഫോൺ കണക്ഷൻ ഉള്ളത്. എന്നാൽ ഇവരും വേ​ഗതയേറിയ ഇന്റർനെറ്റ് ലഭ്യമാകാത്തതിനാൽ കെ-ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്.