യുവനടിയെ അപമാനിച്ച സംഭവം; യുവാക്കള്‍ മാളില്‍ കയറിയത് കോവിഡ് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളായ യുവാക്കള്‍ മാളില്‍ കയറിയത് കോവിഡ് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ. പ്രതികളെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സോഷ്യല്‍മീഡിയയില്‍ യുവനടിയുടെ പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് പോലീസ് ഷോപ്പിംഗ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. ഇവരുടെ പേരു വിവരങ്ങള്‍ പരിശോധിക്കാനായി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കോവിഡ് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് മാളിനകത്ത് കയറിയതെന്ന് മനസ്സിലായത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തനിക്ക് അപമാനമേറ്റ വിവരം വെളിപ്പെടുത്തിയത്. കൊച്ചിയിലെ മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം യുവാക്കള്‍ പിന്തുടര്‍ന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും നടി കുറിച്ചിരുന്നു.

‘സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാന്‍ പറ്റിയില്ല. നേരിട്ട അനുഭവത്തിന്റെ ആഘാതത്തില്‍ മനസ് ശൂന്യമായിപ്പോയി. ഇപ്പോള്‍ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകള്‍ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ തളര്‍ത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവര്‍ സാധാരണ പോലെ നടന്നുപോയി.

ഇനിയും അവര്‍ ഇത്തരത്തില്‍ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോള്‍ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകള്‍ക്ക് എന്നേക്കാള്‍ ധൈര്യമുണ്ടാകട്ടെ.’ നടി സോഷ്യല്‍ മീഡിയില്‍ കുറിച്ചു.

പോസ്റ്റ് വൈറലായതോടെ സോഷ്യല്‍ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.