2109 മരണം, രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് കോവിഡ് ഭേദമായവരില്‍ ബ്ലാക്ക്ഫംഗസ് രോഗബാധ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. രാജ്യത്ത് 31,216 ബ്ലാക്ക്ഫംഗസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായും 2,109 മരണങ്ങള്‍ സംഭവിച്ചതായും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. മൂന്നാഴ്ചക്കിടെ രോഗബാധിതരുടെ എണ്ണം 150 ശതമാനത്തിലധികം വര്‍ദ്ധിച്ചയായും റിപോര്‍ട്ട് പറയുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ബ്ലാക്ക് ഫംഗസ് കൂടുതല്‍ പേരെ ബാധിക്കുന്നത് ആരാഗ്യസംവിധാനത്തെ കൂടുതല്‍ പ്രതിസന്ധിയലാക്കുകയാണ്.

രോഗബാധിതരുടെ എണ്ണം കൂടുന്നതും ചികിത്സിക്കാവശ്യമായ ആംഫോട്ടെറിസിന്‍-ബി മരുന്നിന്റെ കടുത്ത ക്ഷാമവും ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ബ്ലാക്ക് ഫംഗസ് ബാധ കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ 7,057 കേസുകളും 609 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 5,418 കേസുകളും 323 മരണങ്ങളുമാണ് റിപോര്‍ട്ട് ചെയ്ത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനില്‍ 2,976 കേസുകളാണ് വന്നത്.എന്നാല്‍ മരണങ്ങളുടെ പട്ടികയില്‍ കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ 188 മരണങ്ങളാണ് ബ്ലാക്ക് ഫംഗസ് മൂലമാണെന്ന് കണ്ടെത്തിയത്.

മെയ് 25 ലെ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ 2,770 കേസുകളും ഗുജറാത്തില്‍ 2,859 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 1744 കേസുകളും 142 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദില്ലിയില്‍ 1,200 കേസുകളും 125 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് 25 ന് യുപിയില്‍ 701 കേസുകളും ദില്ലിയില്‍ 119 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.ജാര്‍ഖണ്ഡാണ് ഏറ്റവും കുറവ് രോഗികളുള്ളത്. ഇവിടെ 96 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാളിലാണ് രോഗബാധയെ തുടര്‍ന്ന് ഏറ്റവും കുറവ് രോഗികള്‍ മരിച്ചത്. 23 മരണമാണ് ബംഗാളില്‍ റിപോര്‍ട്ട് ചെയ്തത്.