കോവിഡ് കേസുകളില്‍ വര്‍ധന; ജാഗ്രത കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയാഴ്ചമുതല്‍ ഒമാനിലെ എല്ലാ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ഒമാന്‍ മതകാര്യമന്ത്രാലയം നിര്‍ദേശിച്ചു. ഗള്‍ഫിലുടനീളമുള്ള കോവിഡ് കേസുകളുടെ വര്‍ധനയെത്തുടര്‍ന്ന് അധികൃതര്‍ ജാഗ്രത കടുപ്പിച്ചു. ഒമാനില്‍ മേയ് 31 വരെയുള്ള കാലയളവ് കൂടുതല്‍ നിര്‍ണായകമാണെന്ന് രോഗ്യമന്ത്രാലയം മുന്നറിയിപ്പുനല്‍കി. ഈ കാലയളവില്‍ വ്യാപനം ശക്തമായേക്കുമെന്നാണ് വിവരം. 

ഒമാനിലും സൗദിയിലുമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഒമാനില്‍ 72 മണിക്കൂറിനിടെ 3139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 1,63,157 ആയി. ഒന്‍പതുപേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 1690 ആയി. 24 മണിക്കൂറിനിടെ 97 കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ബാച്ച് ശനിയാഴ്ച രാജ്യത്തെത്തിയതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ റംസാന്‍ അവസാനത്തെ പത്തില്‍ കുവൈത്തില്‍ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും. നിലവില്‍ 22 വരെ ഭാഗിക കര്‍ഫ്യൂ നിലവിലുണ്ട്. റംസാനു ശേഷമുള്ള അവസ്ഥ അനുസരിച്ചായിരിക്കും തീരുമാനം. അതിനിടെ കുവൈത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീട്ടി. ഒരറിയിപ്പുണ്ടാകുന്നതുവരെ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരാനാണ് തീരുമാനം.

യു.എ.ഇ.യില്‍ 2113 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേര്‍കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് 4,70,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 1510 ആണ്. ബഹ്റൈനില്‍ 1316 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നാലുപേര്‍കൂടി മരിച്ചു. ആകെ മരണം ഇതോടെ 531 ആയി. പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 321 പേര്‍ പ്രവാസി തൊഴിലാളികളാണ്.