ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് സിഗര‌റ്റ് വലിക്കുന്നതിലും അപകടമാണെന്ന് എയിംസ് ഡയറക്‌ടര്‍; കൊവിഡ് രോഗികള്‍ കുത്തനെ കൂടാനിടയുണ്ടെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വായുമലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്ന രാജ്യതലസ്ഥാനത്തെ ജനങ്ങളുടെ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് മുന്നറിയിപ്പുമായി എയിംസ് ഡയറക്‌ടര്‍ രണ്‍ദീപ് ഗുലേരിയ. സിഗരറ്റിന്റെ പുകയെക്കാള്‍ വിഷാംശമാണ് ഡല്‍ഹിയിലുള‌ളത്. ഇത് ഡല്‍ഹി നിവാസികളുടെ ആയു‌ര്‍ദൈര്‍ഘ്യം കുറയ്‌ക്കും. കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പും ഡോക്‌ടര്‍. രണ്‍ദീപ് ഗുവേരിയ നല്‍കി.

‘ഡല്‍ഹി നിവാസികളുടെ ആയുര്‍ദൈര്‍ഘ്യം കുത്തനെ കുറഞ്ഞതായി പഠനങ്ങള്‍ വെളിവാക്കുന്നു. വായുമലിനീകരണം തീര്‍ച്ചയായും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചിട്ടുണ്ട്. മിക്ക ഡല്‍ഹി നിവാസികളുടെയും ശ്വാസകോശത്തിന്റെ നിറം കറുപ്പായി.’ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് ഗുലേരിയ പറഞ്ഞു.വാഹനങ്ങളിലൂടെയുണ്ടാകുന്ന മലിനീകരണവും ദീപാവലി മൂലമുള‌ള മലിനീകരണവും ഡല്‍ഹിയിലുണ്ടായി.

2017ന് ശേഷം ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ഏ‌റ്റവും വലിയ തോതാണ് ഇത്തവണത്തേതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാകുന്നു. മാലിന്യം നിറഞ്ഞ വായുവില്‍ കൊവിഡ് രോഗാണുവിന് തുടരാനാകുമെന്നതിനാല്‍ എളുപ്പത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കും. ഡല്‍ഹിയില്‍ മാത്രമല്ല അടുത്തുള‌ള സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ പോലും ഈ മലിനീകരണം മൂലം പ്രശ്‌നങ്ങളുണ്ടാകാമെന്നും ഗുലേരിയ സൂചിപ്പിക്കുന്നു.