സാക്കിർ നായിക്കിനെ കൈമാറാൻ ഒമാൻ സർക്കാരുമായി ചർച്ച നടത്തി ഇന്ത്യ

ന്യൂഡൽഹി . തീവ്ര ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ഒമാൻ സർക്കാരുമായി ചർച്ച നടത്തി ഇന്ത്യ. തീവ്ര ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും നീതി നടപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രതിവാര വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ എംഇഎ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘സാക്കിർ നായിക് ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയാണ്. അദ്ദേഹം നീതിയിൽ നിന്ന് ഒളിച്ചോടിയ ആളാണ്. സാക്കിറിനെ തിരികെ കൊണ്ടുവരാൻ ഒമാൻ സർക്കാരുമായും അതിന്റെ അധികാരികളുമായും ചർച്ച നടത്തിയിട്ടുണ്ട്.’ അരിന്ദം ബാഗ്ചി പറയുകയുണ്ടായി.

സാക്കിർ നായിക് ഒമാനിൽ ‘സംസ്ഥാന അതിഥിയായി’ എത്തി ദിവസങ്ങൾക്കിടെ യാണ് ബാഗ്‌ചിയുടെ പരാമർശം ഉണ്ടായിരിക്കുന്നത്. നായിക്കിനെ ഒമാൻ കൈമാറുമോ എന്ന് ചോദിക്കുമ്പോൾ ‘ഇന്ത്യക്ക് ഒമാനുമായി കൈമാറൽ ഉടമ്പടി ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന്’ അരിന്ദം ബാഗ്ചി പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ വിദ്വേഷം പ്രചരിപ്പിച്ചതിനും കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും ഉൾപ്പെട്ട സാക്കിർ നായിക്കിനെതിരെ രാജ്യത്ത് കേസെടുത്തിട്ടുണ്ട്. പ്രസംഗങ്ങളി ലൂടെ സാക്കിർ നായിക്ക് വിദ്വേഷവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതായും ആരോപണമുണ്ട്. മതം മാറ്റങ്ങളും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്ന അറിയപ്പെടുന്ന തീവ്രവാദികളെ പ്രകീർത്തിക്കുന്ന ഇസ്ലാമിക പ്രബോധകൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ പലപ്പോഴും പ്രതിഷേധം അർഹിക്കുന്നവയാണ്.

സാക്കിർ നായിക് 2016-ൽ ഇന്ത്യ വിട്ട് മലേഷ്യയിലേക്ക് താമസം മാറുകയും അവിടെ സ്ഥിരതാമസാവകാശം നേടുകയും ചെയ്യുകയായിരുന്നു. 2022-ൽ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിദ്വേഷ പ്രചരണം നടത്തിയതിന് സാക്കിർ നായിക്കിന്റെ ചാനലായ പീസ് ടിവിയും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.