ഏറ്റവും വലിയ പ്രതിരോധ ഇടപാടിന് ഇന്ത്യ നടപടി ആരംഭിച്ചു, 114 യുദ്ധ വിമാനങ്ങള്‍ വാങ്ങും

114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്റേത് ഏകദേശം ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന പദ്ധതിയാണ്. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

വിമാന ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ചില നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. 85 ശതമാനം ഉത്പാദനവും ഇന്ത്യയില്‍ നിന്നായിരിക്കണമെന്നാണ് ഇത് പ്രകാരമുള്ള നിബന്ധന.ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ്, സ്വീഡിഷ് കമ്ബനിയായ സാബ് തുടങ്ങിയ വന്‍കിട ആയുധ കമ്ബനികള്‍ കരാറിനായി രംഗത്തുണ്ട്.

തീരസംരക്ഷണ സേനയ്ക്കും കര, നാവിക, വ്യോമ സേനകള്‍ക്കും ആവശ്യമായ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും സംഭരിക്കുന്ന പ്രക്രിയയക്ക് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രദ്ധകൊടുത്തിരുന്നു.കുറഞ്ഞത് 400 ഒറ്റ എന്‍ജിന്‍, ഇരട്ട എഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്കും നാവിക സേനയ്ക്കുമായി ആവശ്യമായുണ്ട്.സര്‍ക്കാര്‍ നടത്തുന്നത് ഇത് പരിഹരിക്കാനുള്ള ശ്രമമാണ് .

റാഫേല്‍ കരാര്‍ പ്രകാരമുള്ള ആദ്യ റാഫേല്‍ യുദ്ധവിമാനം ഉടന്‍ വ്യോമസേനയുടെ ഭാഗമാകും.  ഇന്ത്യ വിമാനങ്ങള്‍ക്ക് പുറമെ യുദ്ധ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയവയും വാങ്ങുന്നുണ്ട്.അന്താരാഷ്ട്ര കമ്ബനികളില്‍ നിന്ന് ഇതിനായി താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്.