ചൈനയ്‌ക്ക് മരുന്നുകൾ നൽകാമെന്ന് ഇന്ത്യ; മരുന്നുകൾ കയറ്റുമതി ചെയ്യും

ന്യൂഡൽഹി: മഹാമാരി പിടിമുറുക്കിയ ചൈനയ്‌ക്ക് കൈത്താങ്ങുമായി ഇന്ത്യ. വേണ്ട പ്രതിരോധിക്കുന്ന മരുന്നുകൾ കയറ്റുമതി ചെയ്യാൻ തയ്യാറാണെന്ന് ഇന്ത്യൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ചെയർപേഴ്സൺ ഡോ.വി.ജി.സോമാനി വ്യക്തമാക്കി. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ മരുന്നുകൾക്ക് വൻ ക്ഷാമം നേരിടുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യ സഹായം നൽകുമെന്ന് അറിയിച്ചത്.

ചൈനയിൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മരുന്നിനും ഓക്‌സിജനും കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മരുന്ന് കയറ്റുമതി ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നത്. ചൈനയിലെ കോവിഡ് സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ലോകത്തിന്റെ ഫാർമസി എന്ന നിലയിൽ ലോകരാജ്യങ്ങൾക്ക് മരുന്നെത്തിക്കാൻ സുസജ്ജമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.

ചൈനയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന ചില ദൃശ്യങ്ങൾ ലോകരാജ്യങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. . ആശുപത്രിയിൽ കൊറോണ രോഗികളെകൊണ്ട് പൂർണമായി നിറഞ്ഞിരിക്കുന്ന ദൃശ്യം ലോകത്തെ ആകമാനം ഭീതിയിലാക്കിയിരുന്നു. ചൈനയിലെ 60 ശതമാനത്തിലധികം പേരും അടുത്ത 90 ദിവസത്തിനുള്ളിൽ കൊറോണ രോഗബാധിതരാകുമെന്നാണ് കരുതുന്നത്.