ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ വച്ചായിരുന്നു അന്ത്യം. 2002ൽ മോസ്റ്റ് വാണ്ടഡ് 20 ഭീകരരുടെ പട്ടികയിൽ ഗജീന്ദർ സിംഗ് ഖൽസയുടെ പേര് ഇന്ത്യ ഉൾപ്പെടുത്തിയിരുന്നു. ഭീകരസംഘടനയായ ദൽ ഖൽസ സ്ഥാപകൻ ആണ് ഗജീന്ദർ സിംഗ് ഖൽസ.

1981-ൽ ലാഹോറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ സംഭവത്തിൽ കുറ്റാരോപിതരായ അഞ്ചുപേരിൽ ഒരാളാണ് ഗജീന്ദർ സിംഗ് ഖൽസ.ഭിന്ദ്രൻവാല ഉൾപ്പെടെ നിരവധി ഖാലിസ്ഥാനി തീവ്രവാദികളെ മോചിപ്പിക്കാൻ വേണ്ടിയാണ് ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് ശ്രീനഗറിലേക്ക് 100-ലധികം പേരുമായി പുറപ്പെട്ട വിമാനം നിർബന്ധിതമായി ലാഹോറിൽ ലാൻഡ് ചെയ്യിപ്പിച്ചത്.

ഗജീന്ദർ സിംഗിനും മറ്റുള്ളവർക്കും പാകിസ്താനിൽ 14 വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയും 1995-ൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്തു. 1996 ജൂലൈയിൽ, ഗജീന്ദർ സിംഗ് ജർമ്മനിയിലേക്ക് പോയി . പക്ഷേ തിരികെ പാകിസ്താനിലേക്ക് നാടുകടത്തപ്പെട്ടു. ഇയാളെ നാടുകടത്തുന്നതിനെതിരെ ദൽ ഖൽസ പ്രവർത്തകർ ജർമ്മനിയിലെ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കാര്യമുണ്ടായില്ല.